കര്‍ണാടകയില്‍ യുവ ദളിത് എഴുത്തുകാരന് നേരെ ആക്രമണം; ഇനി എഴുതാത്ത വിധം വിരലുകള്‍ മുറിച്ചുകളയുമെന്നു കത്തികാട്ടി ഭീഷണിപ്പെടുത്തി; മുഖത്തു കുങ്കുമം തേച്ചു

ദാവന്‍ഗരെ: ഹിന്ദുവിരുദ്ധമായി എഴുതിയെന്ന് ആരോപിച്ച് കര്‍ണാടകയില്‍ യുവ ദളിത് എഴുത്തുകാരനെ ആക്രമിച്ചു. ദാവന്‍ഗരെ സര്‍വകലാശാലയിലെ മാധ്യമപഠന വിദ്യാര്‍ഥി ഹുചാംഗി പ്രസാദാണ് ആക്രമണത്തിന് എതിരായത്. കഴിഞ്ഞവര്‍ഷം എഴുതിയ പുസ്തകത്തിന്റെ പേരിലായിരുന്നു പ്രസാദിനു നേരേ ആക്രമണം. ഇനി എഴുതാനാവാത്ത വിധം കൈവിരലുകള്‍ മുറിച്ചുകളയുമെന്ന് ആക്രമികള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും മുഖത്തു കുങ്കുമം തേയ്ക്കുകയും ചെയ്തു.

സര്‍വകലാശാലയിലെ ഹോസ്റ്റലിലെത്തിയായിരുന്നു ആക്രമണം. അമ്മ ഹൃദയാഘാതം മൂലം ആശുപത്രിയിലാണെന്നു പറഞ്ഞാണ് സംഘം പ്രസാദിനെ ഹോസ്റ്റലില്‍നിന്നു വിളിച്ചു പുറത്തിറക്കിയത്. ഒപ്പം പുറത്തിറങ്ങിയ പ്രസാദിനെ ആശുപത്രിയിലേക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മാര്‍ഗമധ്യേ ആക്രമിക്കുകയായിരുന്നു. തള്ളിയിടാന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു മരക്കൂട്ടത്തിനുള്ളില്‍ ഒളിക്കുകയും അക്രമികള്‍ പോയി എന്നുറപ്പായപ്പോള്‍ ഹോസ്റ്റലിലേക്കു മടങ്ങുകയുമായിരുന്നു.

2014 ഏപ്രിലില്‍ പുസ്തകം പ്രസിദ്ധീകരിച്ചതു മുതല്‍ പ്രസാദിനു ഭീഷണിയുണ്ടായിരുന്നു. രാജ്യത്താകമാനം ദളിതര്‍ നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. ദാവന്‍ഗരെയിലെ സന്തേബെന്നൂര്‍ ഗ്രാമവാസിയായ പ്രസാദിന്റെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. ദളിതനായതിനാല്‍ ചെറുപ്പത്തിലേ അടിമപ്പണിക്കാരനാകേണ്ടിവന്നു. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷപ്പെടുത്തുന്ന കുട്ടികള്‍ക്കുള്ള സ്‌കൂളിലേക്കെത്തിയതോടെയാണ് പ്രസാദിന് വിദ്യാഭ്യാസം ലഭിച്ചത്. താന്‍ അനുഭവിച്ച കാര്യങ്ങളാണ് തന്റെ എഴുത്തിന്റെ കാതലെന്നു പ്രസാദ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News