ആട് ആന്റണിയും ബണ്ടിചോറും ഇപ്പോള്‍ വേദവ്യാസ രമേശനും… ഇവര്‍ കായംകുളം കൊച്ചുണ്ണിയുടെ പിന്‍മുറക്കാര്‍

ആട് ആന്റണിക്കു പിന്നാലെ കേരളാപോലീസിന്റെ വലയിലായത് മറ്റൊരു പെരുങ്കളളന്‍. കിണ്ടിമുതല്‍ കമ്പ്യൂട്ടര്‍വരെ മോഷ്ടിക്കാന്‍ വിരുതര്‍. തിരുട്ടുഗ്രാമക്കാരെപ്പോലും അമ്പരപ്പിക്കുന്നതാണ് കേരളത്തിലെ കളളന്‍മാരുടെ കഥ.

മോഷണകലയില്‍ കായംകുളം കൊച്ചുണ്ണിക്കേ കേരളത്തില്‍ സ്ഥാനമുളളൂ. എന്നാലും കേരളം കണ്ട പെരുങ്കളളന്‍മാരുടെ പട്ടികയിലേക്കാണ് കഴിഞ്ഞ ദിവസം പിടിയിലായ വേദവ്യാസ രമേശനും കടക്കുന്നത്. പിടിയിലാകും വരെ ഇയാളെപ്പറ്റി പൊലിസിനും നാട്ടുകാര്‍ക്കും വലിയ വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു. ഒടുവില്‍ പാതിരാനേരത്ത് പുവച്ചലിലുളള ഒരു വീടിന്റെ മതിലു ചാടിയ രമേശന്‍ പൊലീസിന്റെ പിടിയിലായതോടെയാണ് മോഷണതന്ത്രങ്ങളുടെ പുത്തന്‍ കഥകള്‍ കേരളം കേട്ടത്.

RAMESHAN

രണ്ടര വര്‍ഷം കൊണ്ടു മൂന്നു ജില്ലകളിലായി നൂറിലേറെ വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിച്ച വിദ്വാനാണ് മംഗലപുരം മീരാ കോട്ടേജില്‍ രമേശന്‍ എന്ന വേദവ്യാസ രമേശന്‍. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ആള്‍ ചില്ലറക്കാരനല്ലെന്ന് പൊലീസിന് വ്യക്തമായി. സ്വര്‍ണമായി കവര്‍ന്നത് 1000 പവനിലേറെ വരും. പണവും പണ്ടാരങ്ങളും കൂടി കൂട്ടിനോക്കിയാല്‍ കോടികളുടെ ആസ്തിയാണ് രമേശന്‍ മോഷണത്തിലൂടെ സമ്പാദിച്ചത്.

മോഷണമുതലുകള്‍ വിറ്റുകിട്ടുന്ന പണം ധൂര്‍ത്തടിച്ചു തീര്‍ക്കുകയെന്ന കള്ളന്‍മാരുടെ പൊതുസ്വഭാവത്തിനു വിരുദ്ധമാണ് രമേശന്റെ ജീവിതം. രണ്ടര വര്‍ഷംകൊണ്ടു 10 കോടിയിലേറെ രൂപയുടെ ഭൂമി സമ്പാദിച്ചു. രണ്ടു വീടുകളും വാങ്ങി. രണ്ടു പെണ്‍മക്കള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കി. രണ്ടു ഭാര്യമാരും ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറയുന്നു. കുടാതെ കോടികളുടെ ചിട്ടി നിക്ഷേപത്തിന്റെ രേഖകളും പൊലീസ് കണ്ടെത്തി.

നാടക കമ്പനിയുടെ ബോര്‍ഡ് വെച്ച ടെമ്പോ ട്രാവലറില്‍ കറങ്ങി നടന്നായിരുന്നു മോഷണം. ഒരു വീട്ടില്‍ കയറിയാല്‍ പരമാവധി സാധനങ്ങളുമായി മുങ്ങും. ആ വീട്ടില്‍ മോഷണം നടന്നതറിഞ്ഞ് ആളുകൂടുന്ന തക്കം നോക്കി സമീപത്തെ വീടുകളിലും കയറും. ഇതിനായി മോഷണവിവരം മനപ്പൂര്‍വ്വം നാട്ടുകാരെ അറിയിച്ച ചരിത്രം വരെയുണ്ട് രമേശന്.

ADU-5

ഇലക്ട്രോണിസ് ഉപകരണങ്ങളുടെ തോഴനായ ആട് ആന്റണിയാണ് കായംകൊച്ചുണ്ണിക്ക് പിന്‍മുറക്കാരനായ മറ്റൊരു മലയാളി. കൊലപാതകമുള്‍പ്പടെയുണ്ടെങ്കിലും മോഷണത്തിനാണ് ആട് ആന്റണി അഗ്രഗണ്യന്‍. നാട്ടില്‍നിന്ന് ആടിനെ മോഷ്ടിച്ചാണ് തുടക്കമെങ്കിലും കമ്പ്യൂട്ടര്‍ മോഷണങ്ങളില്‍ ഇയാള്‍ വിരുതുനേടുകയായിരുന്നു. മോഷണം നടത്തി ഭാര്യമാരുമായി ആഡംബര ജീവിതം നയിക്കുന്ന ശൈലിയാണ് ഇയാള്‍ക്കുളളത്. കേരളത്തിന് പുറത്തും മോഷണം നടത്തിയിട്ടുളള ആട് ആന്റണി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും സ്വകാര്യ കമ്പനി ഏജന്റായുമൊക്കെ വേഷം മാറാനും സമര്‍ഥനായിരുന്നു.ഇരുപതിലധികം പേരെ ഭാര്യമാരാക്കി പിടികിട്ടാപ്പുളളിയായി കറങ്ങിനടന്ന ആട് ആന്റണിയും പൊലീസ് വിരിച്ച വലയില്‍ അകപ്പെടുകയായിരുന്നു.

BUNDI-CHORE-3

അടുത്തകാലത്ത് തരംഗമായ മറ്റൊരു കളളനാണ് ബണ്ടിചോര്‍. മലയാളി അല്ലെങ്കിലും തിരുവനന്തപുരത്ത് നടത്തിയ ഒറ്റമോഷണംകൊണ്ട് ബണ്ടിചോര്‍ മലയാളികളുടെ കളളനായി. ബണ്ടിചോറിന് കമ്പം ഹൈടെക് വസ്തുക്കളോടായിരുന്നു. സിനിമാക്കഥകളെ വെല്ലുന്ന തരത്തില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍വരെ മറികടന്നാണ് ബണ്ടിചോര്‍ മോഷണം നടത്തിയത്. സിസിടിവി ക്യാമറകളെ വെട്ടിച്ച് ബുളളറ്റപ്രൂഫ് ജനലിന്റെ ചില്ല് ഇളക്കിയാണ് ബണ്ടിചോര്‍ തിരുവനന്തപുരത്തെ വിദേശമലയാളിയുടെ വീടിനുളളില്‍ കടന്നത്. വീട്ടില്‍നിന്ന് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മാത്രമേ ബണ്ടി കവര്‍ന്നുളളു. പിന്നെ ഓട്ടോമാറ്റിക് ഗേറ്റ് തുറന്ന് അത്യാഡംബര കാറുമായി മുങ്ങി. ദേവീന്ദര്‍ സിംഗ് എന്നാണ് ബിഗ് ബോസ് ടിവി റിയാലിറ്റി ഷോയിലെ താരം കൂടിയായ ബണ്ടിചോറിന്റെ യഥാര്‍ഥ പേര്. മെട്രോ നഗരങ്ങളില്‍ കവര്‍ച്ചനടത്തി മുങ്ങുന്ന ബണ്ടിയെ തിരുവനന്തപുരത്ത് കുടുക്കിയത് സിസിടിവി ക്യാമറയ്ക്ക് മുന്നില്‍നിന്നെടുത്ത ഒരു സെല്‍ഫിയും.

BUNDI-CHORE-2

അന്തര്‍സംസ്ഥാന സംഘങ്ങളും കുപ്രസിദ്ധമായ തിരുട്ടുഗ്രാമത്തിലെ തസ്‌കരരും കേരളത്തില്‍ പലകുറി പിടിയിലായിട്ടുണ്ട്. എന്നാല്‍ സംഘങ്ങളെ ഒഴിവാക്കി കവര്‍ച്ചനടത്തി പെരുങ്കളളന്‍മാരായവരാണ് ഇപ്പോള്‍ അഴിയെണ്ണുന്ന ആട് ആന്റണിയും വേദവ്യാസ രമേശനും. പക്ഷേ ചരിത്രത്തില്‍ പാവങ്ങള്‍ക്കൊപ്പംനിന്ന കായംകുളം കൊച്ചുണ്ണിയുടെ വീര പരിവേഷം ഈ കളളന്‍മാര്‍ക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News