പ്രതിഷേധമേറിയപ്പോള്‍ കല്‍ബുര്‍ഗി വധത്തെ അപലപിച്ച് സാഹിത്യ അക്കാദമി: പുരസ്‌കാരങ്ങള്‍ തിരികെ വാങ്ങണമെന്ന് എഴുത്തുകാരോട് അക്കാദമി

ദില്ലി: രാജ്യമാകെ സാംസ്‌കാരിക ഫാസിസത്തിനെതിരേ പ്രതിഷേധം രൂക്ഷമായപ്പോള്‍ വെളിപാടുമായി കേന്ദ്ര സാഹിത്യ അക്കാദമി. എം എം കല്‍ബുര്‍ഗിയുടെ വധത്തെ അടക്കം അപലപിച്ചും സാംസ്‌കാരിക ഫാസിസത്തെ അംഗീകരിക്കില്ലെന്നും കാട്ടി അക്കാദമി പ്രമേയം പാസാക്കി. ഇന്നു ദില്ലിയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. രാജ്യത്തെങ്ങും നിന്നു വന്ന എഴുത്തുകാരുടെ പ്രതിഷേധം അക്കാദമിക്കു പുറത്തുനടക്കുമ്പോഴാണ് കണ്ണില്‍പൊടിയിട്ടുകൊണ്ടു പ്രമേയം പാസാക്കിയത്.

എംഎം കല്‍ബുര്‍ഗിയെ വധിച്ച നടപടിയെ ന്യായീകരിക്കാനാവില്ലെന്നു പ്രമേയത്തില്‍ അക്കാദമി ചൂണ്ടിക്കാട്ടി. രാജ്യത്തെ അക്രമങ്ങളെയെല്ലാം അപലപിച്ചിട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ക്കെതിരേ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയവര്‍ അതു മടക്കി വാങ്ങാന്‍ തയാറാകണമെന്നും അക്കാദമി ആവശ്യപ്പെട്ടു. മൂന്നു പ്രമേയങ്ങളാണ് അക്കാദമി പാസാക്കിയത്. അക്കാദമിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് എഴുത്തുകാരി സാറാ ജോസഫ് പ്രതികരിച്ചു. എന്നാല്‍, പ്രഹസനമാണ് അക്കാദമിയുടെ നടപടിയെന്നും അക്കാദമിയില്‍നിന്നുള്ള രാജി പിന്‍വലിക്കില്ലെന്നും പി കെ പാറക്കടവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here