ഗര്‍ഭനിരോധന ഉറ മരുന്നല്ല; മരുന്നുവില നിയന്ത്രണത്തിന്റെ പരിധിയില്‍ ഗര്‍ഭനിരോധന ഉറ വരില്ലെന്നും മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഗര്‍ഭനിരോധന ഉറ ഒരു മരുന്നാണോ. മരുന്നുവില നിയന്ത്രണത്തിന്റെ പരിധിയില്‍ വരുമോ. ചോദ്യം ഉയര്‍ന്നത് മദ്രാസ് ഹൈക്കോടതിയ്ക്ക് മുന്നില്‍. ഗര്‍ഭനിരോധന ഉറ മരുന്നല്ല എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരം. അതിനാല്‍ മരുന്നുവില നിയന്ത്രണ ഉത്തരവിന്റെ പരിധിയില്‍ വരില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേ വിഷയത്തില്‍ കഴിഞ്ഞ ജൂലൈയില്‍ ദില്ലി ഹൈക്കോടതിയുടെ വിധി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു.

2014ലെ ദേശീയ അവശ്യമരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ രണ്ട് ഉത്തരവുകള്‍ മദ്രാസ് ഹൈക്കോടതിയും റദ്ദാക്കി. 2013 നവംബര്‍ 5ലേയും 2014 ജൂലൈ 10ലേയും ഉത്തരവുകളാണ് കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് സഞ്ജയ് കൃഷ്ണനും ജസ്റ്റിസ് ടിഎസ് ശിവജ്ഞാനവും അടങ്ങിയ ബഞ്ചിന്റേതാണ് വിധി. ടിടികെ പ്രൊട്ടക്ടീവ് ഡിവൈസസ് ലിമിറ്റഡും റെക്കിറ്റ് ബെന്‍കിസറും നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ വിധി.

മരുന്നുവില നിയന്ത്രണ നിയമപ്രകാരം ലഭിച്ച അധികാരം എന്‍പിപിഎ ലംഘിച്ചു. വില നിയന്ത്രണമുള്ള മരുന്നുകളുടെ പട്ടികയില്‍ ഗര്‍ഭ നിരോധന ഉറ വരില്ലെന്നും കോടതി നിരീക്ഷിച്ചു. ഡിപിസി ഉത്തരവിലെ നാലാം ഖണ്ഡിക വ്യക്തതയില്ലാത്തതാണ്. നിയമനിര്‍മ്മാണ സഭ കരുതുന്ന രീതിയില്‍ ഉത്തരവില്‍ വ്യക്തത വരുത്തണം. അതിന് അനുസരിച്ചുള്ള ഡോസേജിലുള്ള മരുന്നുകള്‍ മാത്രമേ വില നിയന്ത്രണത്തിന്റെ പരിധിയില്‍ വരൂ. ഗര്‍ഭ നിരോധന ഉറകള്‍ക്ക് ഇത് ബാധകമാവില്ല. ഡോസേജും മറ്റ് കാര്യങ്ങളിലും വ്യക്തത വരുന്നില്ല എന്നിവ ആയിരുന്നു ദില്ലി ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. ഇത് അംഗീകരിച്ച മദ്രാസ് ഹൈക്കോടതി ഗര്‍ഭ നിരോധന ഉറയ്ക്ക് വില നിശ്ചയിക്കുന്ന കാര്യത്തില്‍ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭനിരോധന ഉറ നിലവില്‍ അവശ്യ മരുന്നുകളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പ്രമുഖ ഗര്‍ഭനിരോധന ഉറനിര്‍മാതാക്കളായ ടിടികെ പ്രൊട്ടക്ടീവ് ഡിവൈസസ് ലിമിറ്റഡും റെക്കിറ്റ് ബെന്‍കിസറും നിരവധി ബ്രാന്‍ഡ് ഗര്‍ഭനിരോധന ഉറകളാണ് വിപണിയിലിറക്കുന്നത്. ഡ്യൂറെക്‌സ്, കോഹിനൂര്‍, കാമസൂത്ര എന്നിവ റെക്കിറ്റ് ബെന്‍കിസറിന്റെ ഉല്‍പന്നങ്ങളാണ്. വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വന്നാല്‍ വിപണിയുടെ ഭൂരിപക്ഷം കൈകാര്യം ചെയ്യുന്ന ഈ നിര്‍മാതാക്കളുടെ വിപണിയെ ബാധിക്കും. ഇതാണ് ഇവര്‍ എന്‍പിപിയെയുടെ ഉത്തരവുകളെ ചോദ്യം ചെയ്യാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News