കൊല്ലം: വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ ധർമ പരിപാലന ഏകോപനസമിതി വിളിച്ചു ചേർത്ത കൺവെൻഷനിൽ ബിജു രമേശും രാജ്കുമാർ ഉണ്ണിയും തമ്മിൽ തർക്കം. എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് രാജ്കുമാർ ഉണ്ണിയാണെന്ന് ബിജു രമേശ് ആരോപിച്ചു. എന്നാൽ ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യക്തി വിരോധമാണ് ആരോപണത്തിന് പിന്നിലെന്ന് രാജ്കുമാർ ഉണ്ണി മറുപടി നൽകി. യോഗത്തിൽ വെള്ളാപ്പള്ളിക്കെതിരെ പരാതിയുമായി ഒരു ലക്ഷം പേരുടെ ഒപ്പുശേഖരണത്തിനും തുടക്കം കുറിച്ചു.
കൊല്ലത്ത് ചേർന്ന ശ്രീനാരായണ ധർമ പരിപാലന ഏകോപന സമിതിയുടെ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ബാർ വിഷയുമായി ബന്ധപ്പെട്ട് ബിജുരമേശും രാജ്കുമാർ ഉണ്ണിയും തന്നിലുള്ള തർക്കം മറനീക്കി പുറത്ത് വന്നത്. എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് രാജ്കുമാർ ഉണ്ണിയാണെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഗോകുലം ഗോപാലനെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് തുഷാർ വെള്ളാപ്പള്ളിക്ക് എതിർ സ്ഥാനാർത്ഥിയെ നിർത്താൻ പോലും കഴിയാത്തതെന്നും ബിജു രമേശ് പറഞ്ഞു.
ബാർ വിഷയത്തിലുൾപെടെ ഉണ്ടായ വ്യക്തി വിരോധമാണ് ആരോപണത്തിന് പിന്നിലെന്നായിരുന്നു രാജ്കുമാർ ഉണ്ണിയുടെ മറുപടി.
എസ്എൻഡിപിയുടെ നേതൃസ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ താഴെയിറക്കാൻ ആരുമായും കൂട്ടുകൂടുമെന്നും രാജ്കുമാർ ഉണ്ണി വ്യക്തമാക്കി. വെള്ളാപ്പള്ളിക്കും കുടുംബത്തിനുമെതിരെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമുൾപെടെ ഒരു ലക്ഷം ശ്രീനാരായണീയരുടെ ഒപ്പ് ശേഖരണവും യോഗത്തിൽ തുടക്കം കുറിച്ചു.

Get real time update about this post categories directly on your device, subscribe now.