രാഷ്ട്രീയ സാഹചര്യം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; കോഴിക്കോട് കോർപ്പറേഷൻ പിടിച്ചെടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് യുഡിഎഫ്

കോഴിക്കോട്: കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും തമ്മിൽ ശക്തമായ പോരാട്ടം നടന്ന ജില്ലയാണ് കോഴിക്കോട്. ഇത്തവണയും തീപാറുന്ന മത്സരത്തിനാണ് കളമൊരുങ്ങുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ കോർപ്പറേഷൻ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് യുഡിഎഫ് മെനയുന്നത്.

75 വാർഡ് ഡിവിഷനുകൾ. 337 സ്ഥാനാർത്ഥികൾ. ലൈറ്റ് മെട്രൊ മുതൽ കുടിവെള്ള പ്രശ്‌നം വരെ പ്രചരണ വിഷയങ്ങൾ. ചരിത്രവും കടലാസിലെ കണക്കും നൽകുന്ന മേൽക്കൈയ്യോടെ എൽഡിഎഫും കോർപ്പറേഷൻ ഭരണ വിരുദ്ധ വികാരം വോട്ടാകാനുള്ള തന്ത്രങ്ങൾ പയറ്റി യുഡിഎഫും വലിയ അവകാശവാദമൊന്നുമുന്നയിക്കാനില്ലാതെ ബിജെപിയും. ഇഞ്ചോടിച്ച് മത്സരമാണ് ഇത്തവണ കോഴിക്കോട് കോർപ്പറേഷനെ തൈരഞ്ഞെടുപ്പ് കളത്തിൽ വേറിട്ടു നിർത്തുന്നത്. കോർപ്പറേഷനെ നയിക്കാൻ പ്രാപ്തരായ പ്രമുഖരെയാണ് ഈപ്രാവിശ്യം എൽഡിഎഫ് മത്സരരംഗത്തിറക്കിയത്. മുൻ എംഎൽഎ വികെസി മമ്മദ് കോയയും മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനും പ്രശ്‌സത കളിയെഴുത്തുകാരനും മുൻ ഫുട്‌ബോളറുമായ ഭാസി മലാപ്പറമ്പുമാണ് എൽഡിഎഫ് നിരയിലെ പ്രമുഖർ.

കേന്ദ്ര സംസ്ഥാന സർക്കാർ വിരുദ്ധ വികാരങ്ങൾ വോട്ടാകുമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ് ക്യാംപ്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തലപ്പൊക്കിയ കോൺഗ്രസ്സ് ഗ്രൂപ്പിസവും യൂത്ത് കോൺഗ്രസ്സുകാരും ലീഗിലെ സ്വരച്ചേർച്ചയില്ലായ്മയുമാണ് യുഡിഎഫ് കോർപ്പറേഷനിൽ നേരിടുന്ന പ്രധാന രാഷ്ട്രീയ വെല്ലുവിളി. വലിയ സ്വാധീനമില്ലെങ്കിലും ബിജെപി, വെൽഫെയർ പാർട്ടി, എസ്ഡിപിഐ എന്നീ പാർട്ടികളുടെ മത്സര സാന്നിധ്യവും കോർപ്പറേഷൻ ഭരണത്തിൽ നിർണ്ണായക ഘടകങ്ങളാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here