ദില്ലി: ഹരിയാനയിലെ ഫരീദാബാദ് സോണിപ്പട്ടില്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ അടക്കം നാലു പേരെ പെട്രോളൊഴിച്ചു കൊന്ന സംഭവത്തില്‍ ഹരിയാന പൊലീസിന് ഗുരുതരമായ വീഴ്ചപറ്റിയെന്ന് കേന്ദ്ര പട്ടികജാതികമ്മീഷന്‍ റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ജിതേന്ദറിനും കുടുംബത്തിനും സുരക്ഷാഭീഷണിയുള്ള പശ്ചാത്തലത്തില്‍ നിയോഗിച്ച പൊലീസുകാര്‍ കൊലപാതകം നടക്കുമ്പോള്‍ നോക്കിനില്‍ക്കുകയായിരുന്നെന്നും പട്ടികജാതി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര പട്ടികജാതി കമ്മീഷന്‍ സംഭവസ്ഥലത്തു നടത്തി വിവിധയാളുകളുടെ മൊഴി കേട്ട ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആറു പൊലീസുകാരെയാണ് ജിതേന്ദറിനും കുടുംബത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ ഇവരില്‍ രണ്ടുപേര്‍ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ മേല്‍ജാതിയായ രജപുത് വിഭാഗക്കാര്‍ ജിതേന്ദറിനെയും കുടുംബത്തെയും പെട്രോളൊഴിച്ചു കത്തിക്കുമ്പോള്‍ ഇരുവരും നോക്കി നില്‍ക്കുകയായിരുന്നെന്നും ദൃക്‌സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.
കുറച്ചുകാലമായി മേല്‍ജാതിക്കാരുടെ കടുത്ത ആക്രമണങ്ങളാണ് പ്രദേശത്തെ ദളിത് വിഭാഗക്കാര്‍ നേരിട്ടിരുന്നത്. ഇതു സംബന്ധിച്ച് ഇവര്‍ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇവര്‍ നാട്ടില്‍നിന്നു സുരക്ഷിത സ്ഥാനത്തേക്കു പലായനം ചെയ്യാന്‍ ആലോചിച്ചിരുന്നു. ഇക്കാര്യം കമ്മീഷനെ അറിയിച്ചപ്പോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ പൊലീസിനോട് ഇവര്‍ക്കു സുരക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ജിതേന്ദര്‍ അടക്കമുള്ള ദളിത് വിഭാഗക്കാര്‍ക്കു സംരക്ഷണം നല്‍കാമെന്നു പൊലീസ് കമ്മീഷണര്‍ ഉറപ്പു നല്‍കിയിരുന്നു. ദളിത് വിഭാഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു റിപ്പോട്ട് നല്‍കാന്‍ ഡെപ്യുട്ടി കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു.
നാളിതുവരെയായിട്ടും ഡെപ്യുട്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ദളിത് വിഭാഗക്കാരുടെ സംരക്ഷണം സംബന്ധിച്ചു പൊലീസിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനും സാധിച്ചില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.