കൊല്ലത്ത് ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിലിട്ട ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു

കൊല്ലം: കൊല്ലത്ത് ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു. ഡിവൈഎഫ്‌ഐ മങ്ങാട് മേഖലാ വൈസ് പ്രസിഡന്റ് സാജന്റെ ബൈക്കാണ് വ്യാഴാഴ്ച അർധരാത്രി ആർഎസ്എസ് അക്രമികൾ കത്തിച്ചത്.

വ്യാഴാഴ്ച അർദ്ധരാത്രി ഒരു മണിയോടെയാണ് ബൈക്ക് കത്തിച്ചത്. വീടിന്റെ പുറത്ത് ശബ്ദം കേട്ട് സാജന്റെ അമ്മ തങ്കമണി പുറത്തിറങ്ങിയപ്പോൾ ബൈക്ക് കത്തുന്നതാണ് കാണുന്നത്. പിന്നീട് തീ അണയ്ക്കുകയായിരുന്നു. ഈ സമയം കുറച്ച് പേർ ഓടി മറയുന്നത് കണ്ടിരുന്നുവെന്ന് സാജൻ പറഞ്ഞു.

കഴിഞ്ഞാഴ്ച ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ആർഎസ്എസ് പ്രവർത്തകരായ രാജേഷ്, വിഷ്ണു എന്നിവർ ബീഫ് കഴിക്കുന്ന ചിത്രം സാജൻ തന്റെ മൊബൈലിൽ പകർത്തിയിരുന്നു. ഇത് തിങ്കളാഴ്ച സാജൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് സാജൻ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാജനെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രദേശത്ത് സംഘർഷമുണ്ടാക്കാനാണ് ശ്രമമെന്ന് സിപിഐഎം- ഡിവൈഎഫ്‌ഐ നേതാക്കൾ അറിയിച്ചു. അതേസമയം ബൈക്ക് കത്തിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here