സൗദിയിലെ സല്‍മാന്‍ രാജാവിനെ പുറത്താക്കാന്‍ കുടുംബത്തിനുള്ളില്‍ പടയൊരുക്കം

ജിദ്ദ: രാജകുടുംബാംഗങ്ങളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നു സൗദിയില്‍ സല്‍മാന്‍ രാജാവ് അധികാരഭ്രഷ്ടനായേക്കുമെന്നു സൂചന. എഴുപത്തൊമ്പതുകാരനായ സല്‍മാന്‍ രാജാവിനെ സ്ഥാനത്തുനിന്നുനീക്കി സഹോദരന്‍ 73 വയസുകാരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസിനെ രാജാവാക്കണമെന്നാണ് ആവശ്യം. സല്‍മാന്‍ രാജാവിനെ മാറ്റുന്ന കാര്യത്തില്‍ രാജകുടുംബത്തിന് രാജ്യത്തെ മതപണ്ഡിതരുടെ പിന്തുണയും ഉണ്ട്.

അല്‍ഷീമേഴ്‌സ് രോഗബാധിതനാണ് സല്‍മാന്‍ രാജാവെന്നാണ് സൂചന. രോഗമുള്ളതും അടുത്തകാലത്തായി രാജ്യത്തു നടത്തിയ നിരവധി വിവാദനിയമനങ്ങളുമാണ് സല്‍മാനെതിരായി രാജകുടുംബത്തെ മാറ്റിയത്. യെമനിലെ യുദ്ധത്തിനായി വന്‍തോതില്‍ പണം മുടക്കിയതും അദ്ദേഹത്തിന് വിമര്‍ശകരെ വര്‍ധിപ്പിച്ചു. ഹജ് തീര്‍ഥാടനത്തിനിടെയുണ്ടായ രണ്ട് അപകടങ്ങളും സല്‍മാന്റെ നിലനില്‍പ് അപകടത്തിലാക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയാധികാരത്തേക്കാള്‍ മതാധികാരത്തിന് പ്രാധാന്യം നല്‍കുന്ന സൗദിയില്‍ മതപണ്ഡിതസഭയായ ഉലമയുടെ അനുമതിയില്ലാതെ ഭരണമാറ്റം സാധ്യമാകില്ല. കുറച്ചുകാലമായി സല്‍മാന്‍ രാജാവിനെ മാറ്റണമെന്ന ആവശ്യം രാജകുടുംബത്തിനുള്ളില്‍ സജീമായിരുന്നു. അതിന് ഇപ്പോള്‍ ശക്തി പ്രാപിച്ചപ്പോഴാണ് മതപണ്ഡിതരില്‍ എഴുപത്തഞ്ചുശതമാനത്തോളം പിന്തുണയ്ക്കാന്‍ തയാറായത്.

നീണ്ട അധികാരത്തര്‍ക്കത്തെത്തുടര്‍ന്ന് 1964-ലാണ് ഇതിനു മുമ്പ് സൗദി ഒരു രാജാവിനെ അധികാരഭ്രഷ്ടനാക്കിയത്. രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെയും മതനേതാക്കളുടെയും നിര്‍ബന്ധത്തിനൊടുവില്‍ സൗദ് രാജാവാണ് അധികാരമൊഴിഞ്ഞത്. ഇതേ സാഹചര്യമാണ് ഇപ്പോള്‍ സൗദിയില്‍ രൂപപ്പെടുന്നതെന്നാണ് വിദേശകാര്യ നിരീക്ഷകരുടെ അഭിപ്രായം.

ഇത്തരത്തില്‍ അധികാരഭ്രഷ്ടനാക്കുന്നതോടെ സല്‍മാന്‍ രാജാവിന് രാജ്യം വിടേണ്ടിവരുമെന്നും സൂചനയുണ്ട്. സൗദ് രാജാവ് രാജ്യം വിടുകയായിരുന്നു. അഹമ്മദ് രാജകുമാരന്‍ അധികാരത്തിലെത്തുന്നതോടെ രാജ്യത്തിന്റെ സാമ്പത്തികരംഗം, സൈന്യം, രാജ്യസുരക്ഷ, ആഭ്യന്തര മന്ത്രാലയം, രഹസ്യാന്വേഷണം തുടങ്ങി എല്ലാ കാര്യങ്ങളുടെയും അധികാരം അദ്ദേഹത്തിനാകും.

സൗദി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും ഇത്തരത്തില്‍ പോയാല്‍ അഞ്ചുവര്‍ഷം കൊണ്ടു പാപ്പര്‍ രാജ്യമായി മാറുമെന്നും കഴിഞ്ഞദിവസം രാജ്യാന്തര നാണയ നിധി വിലയിരുത്തിയിരുന്നു. ചെലവുചുരുക്കുകയും എണ്ണ വില കുറയുന്ന സാഹചര്യത്തെ യാഥാര്‍ഥ്യമായി കണ്ടു മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഐഎംഎഫ് നിര്‍ദേശിച്ചിരുന്നു.

മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തെ ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായി നിയമിച്ചതാണ് സല്‍മാന്റെ വിവാദതീരുമാനങ്ങളില്‍ പ്രധാനപ്പെട്ടത്. മുഹമ്മദിന്റെ തീരുമാനപ്രകാരമാണ് ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ക്കെതിരേ യെമനില്‍ സൗദി സൈന്യം യുദ്ധത്തിനു തയാറായത്. യുദ്ധം സൗദിയുടെ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കി. സല്‍മാന്‍ രാജാവിന്റെ ആരോഗ്യ പ്രശ്‌നങ്ങളുടെ മറവില്‍ മകനാണ് ഭരണം നടത്തുന്നത് എന്നുവരെ ആക്ഷേപമുണ്ട്.

രാജകുടുംബത്തിന് മൊത്തത്തില്‍ സ്വീകാര്യാനാണ് അഹമ്മദ് രാജകുമാരന്‍. അഭിപ്രായ സ്വാതന്ത്ര്യത്തെയും പുരോഗമനത്തെയും പിന്തുണയ്ക്കുന്നയാള്‍ കൂടിയാണ് അഹമ്മദ്. 37 വര്‍ഷക്കാലം സൗദിയുടെ ആഭ്യന്തര വകുപ്പിന്റെ ഉപ മന്ത്രിയായിരുന്നു അദ്ദേഹം. നാലു വര്‍ഷക്കാലം മക്കയിലെയും മദീനയിലെയും പള്ളികള്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here