കന്നട എഴുത്തുകാരി ചേതന തീര്‍ത്ഥഹള്ളിയ്ക്ക് സംഘപരിവാറിന്റെ ബലാത്സംഗ ഭീഷണി; ആസിഡ് ആക്രമണം ഉള്‍പ്പടെയുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണി

ബംഗളുരു: പ്രശസ്ത കന്നട എഴുത്തുകാരി ചേതന തീര്‍ത്ഥഹള്ളിയ്ക്ക് സംഘപരിവാറിന്റെ ബലാത്സംഗഭീഷണി. ബീഫ് നിരോധനം ഉള്‍പ്പടെയുള്ളവയില്‍ പ്രതിഷേധം തുടര്‍ന്നാല്‍ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. ആസിഡ് ആക്രമണം ഉള്‍പ്പടെയുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും നടത്തുമെന്നും ഭീഷണി ലഭിച്ചു. ഫേസ്ബുക്ക് വഴിയാണ് ചേതനയ്ക്ക് നിരന്തരസന്ദേശം ലഭിച്ചത്. ഫേസ്ബുക്ക് ഉള്ളടക്കം ഉള്‍പ്പടെ കാട്ടി ചേതന പൊലീസില്‍ പരാതി നല്‍കി.

ബീഫ് നിരോധനം, എഴുത്തുകാര്‍ക്കെതിരായ ആക്രമണം, ഡോ. എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചേതന നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. ഹിന്ദുത്വത്തിനെതിരായ എഴുത്ത് നിര്‍ത്തണം എന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ആദ്യം ചേതന സന്ദേശങ്ങള്‍ അവഗണിച്ചു. ഭീഷണി രൂക്ഷമായതിനെ തുടര്‍ന്നാണ് ഇവര്‍ ഹനുമന്തനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

കല്‍ബുര്‍ഗിയുടെ മരണത്തിലുള്ള അന്വേഷണം പോലും അട്ടിമറിക്കപ്പെട്ടു. ഞാന്‍ സുരക്ഷിതയാണെന്ന് കരുതുന്നില്ല. കല്‍ബര്‍ഗിയുടെയത്ര വലിയ ആളല്ല ഞാന്‍, എങ്കിലും എനിക്ക് ആശങ്കയുണ്ട്. അതുകൊണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. പ്രത്യേകിച്ചും ഓരോ പോസ്റ്റും ഓരോ ചലനവും അവര്‍ നിരീക്ഷിക്കുന്നുണ്ടെന്നും ചേതന തീര്‍ത്ഥഹള്ളി പറയുന്നു.

വര്‍ഗീയവും സ്ത്രീത്വത്തിനെതിരായതും അശ്ലീലവും ഉള്‍പ്പെടുന്നതാണ് സന്ദേശം. കഴിഞ്ഞ കുറേ നാളുകളായി ചേതനയ്ക്ക് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 2 വ്യത്യസ്ത ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഭീഷണി. ജാഗ്രതി ഭാരത, മധുസൂധന്‍ ഗൗഡ തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. ചേതനയുടെ പരാതിയില്‍ ഹനുമന്ത് നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 504, 506, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സമാധാനം തകര്‍ക്കുക, അപായ ഭീഷണി, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here