ഗൂഗിള്‍ കമ്പനിയിലെ ജീവനക്കാരില്‍ ചിലര്‍ താമസിക്കുന്നത് പാര്‍ക്കിംഗ് ലോട്ടില്‍; കാരണമെന്തറിയുമ്പോള്‍ അദ്ഭുതം തോന്നും

ലോകത്തെ മികച്ച കമ്പനികളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍നിരയിലുണ്ടാകും ഗൂഗിള്‍. സമ്പന്നമായ കമ്പനിയില്‍ വമ്പന്‍ ശമ്പളം പറ്റുന്നവര്‍ എന്നു നമ്മള്‍ കരുതുന്ന ചിലര്‍ താമസിക്കുന്നതെവിടെയാണെന്നറിഞ്ഞാല്‍ വല്ലാതെ അദ്ഭുതപ്പെട്ടുപോകും. കമ്പനിയുടെ പാര്‍ക്കിംഗ് ലോട്ടാണ് ചിലരുടെ താമസസ്ഥലം.

ബെന്‍ ഡിസ്‌കോ എന്ന ജീവനക്കാരന്‍ 13 മാസമാണ് കമ്പനിയിലെ പാര്‍ക്കിംഗ് ലോട്ടില്‍ താമസിച്ചത്. കമ്പനി സ്ഥിതി ചെയ്യുന്ന സൗത്ത് ബേയില്‍ താമസച്ചെലവ് വളരെ കൂടുതലായതാണ് പാര്‍ക്കിംഗ് ലോട്ടില്‍ താമസിക്കാന്‍ ബെന്നിനെ പ്രേരിപ്പിച്ചത്. ഒരിക്കല്‍ സെക്യുരിറ്റിക്കാര്‍ ബെന്നിനെ പിടികൂടിയെങ്കിലും ഗൂഗിളിനോടുള്ള ആത്മാര്‍ഥത പരിഗണിച്ചു താമസിക്കാന്‍ അനുവദിക്കുകയായിരുന്നു.

ഇരുപത്തിമൂന്നു വയസുകാരനായ ബ്രാന്‍ഡണ്‍ ഓക്‌സെന്‍ഡീന് നാലു മാസമാണ് ഗൂഗിള്‍ കാമ്പസിലെ പാര്‍ക്കിംഗ് ലോട്ടില്‍ താമസിച്ചത് പണം ലാഭിക്കാനായിരുന്നു. ഒരു സ്‌റ്റേഷന്‍ വാഗണ്‍ വാങ്ങിയായിരുന്നു ഇത്. രണ്ടു കിടക്കകളും വാങ്ങി. ജനലുകള്‍ നിര്‍മിച്ചു കര്‍ട്ടനുകളും സ്ഥാപിച്ചു. താന്‍ തന്റെ ഇരുപതുകളിലാണെന്നും ഇപ്പോള്‍ കിട്ടുന്ന പണം സമ്പാദിച്ചു വയ്ക്കാന്‍ ഇതൊരു വഴിയായി കാണുകയായിരുന്നെന്നുമാണ് ഓക്‌സെന്‍ഡീന്റെ പക്ഷം. മാത്രമല്ല, ലോകം മുഴുവന്‍ചുറ്റി സഞ്ചരിക്കാനുള്ള ഓക്‌സെന്‍ഡീന് പല ജീവിത ചുറ്റുപാടുകളില്‍ താമസിക്കാന്‍ ഒരു പരിശീലനമായി ഇതെന്നും പറയുന്നു. മറ്റൊരു ജീവനക്കാരന്‍ മൂന്നു വര്‍ഷം പാര്‍ക്കിംഗ് ലോട്ടില്‍ ടെന്റ് കെട്ടി താമസിച്ചത് സ്വന്തമായി വീടു വാങ്ങാനുള്ള പണം സമ്പാദിക്കാനായിരുന്നു.

ഡേറ്റ് ചെയ്തിരുന്ന യുവതിയോടൊപ്പമായിരുന്നു മാത്യു ജെ വീവെര്‍ എന്ന ജീവനക്കാര്‍ താമസിച്ചത്. പാര്‍ക്കിംഗ് ലോട്ടിലെ താമസം തന്റെ കരിയറിന് ദോഷമാകുമോ എന്നു വരെ പേടിച്ചെങ്കിലും താല്‍കാലിക ടെന്റില്‍ താമസിക്കുകയായിരുന്നു. ചില ദിവസങ്ങളില്‍ ഇവിടെ പാര്‍ട്ടി വരെ സംഘടിപ്പിച്ചിട്ടുണ്ട്. ചെലവുചുരുക്കുകയായിരുന്നു മാത്യുവിന്റെയും ലക്ഷ്യം.

ലണ്ടന്‍ ഓഫീസില്‍നിന്നു മൗണ്ടന്‍വ്യൂ ഓഫീസിലേക്കു സ്ഥലം മാറ്റപ്പെട്ട ഒരു ജീവനക്കാരന്‍ താമസിച്ചത് ഓഫീസിനു പുറത്തു ജീവനക്കാര്‍ക്കു ഭക്ഷണം കഴിക്കാനും മറ്റുമായി ഒരുക്കിയ ഒരു ഡെസ്‌കിനു കീഴിലായിരുന്നു. സ്വന്തമായി താമസസ്ഥലം കണ്ടെത്താന്‍ വൈകിയതിനിലായിരുന്നു ഇത്.

പാര്‍ക്കിംഗ് ലോട്ടിലെ താമസമാണെന്നു കരുതി അത്ര ബുദ്ധിമുട്ടുള്ളതൊന്നുമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നത്. ഗൂഗിള്‍ കാമ്പസില്‍തന്നെ താമസിക്കുകയാണെങ്കില്‍ സൗജന്യമായി ഭക്ഷണം കിട്ടുമെന്നതാണ് പ്രധാനകാര്യം. ജിംനേഷ്യം കാമ്പസില്‍തന്നെയുണ്ട്. തുണി അലക്കാനും കാമ്പസില്‍തന്നെ സംവിധാനമുണ്ട്. ഇനി കമ്പനിയുടെ റെസ്റ്റ്‌റൂമില്‍ താമസിക്കണമെന്നുണ്ടെങ്കില്‍ അതിനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News