വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ട് ഡാന്‍സ് ട്രൂപ്പിന്; ബിജെപി മുഖ്യമന്ത്രി കുരുക്കില്‍; ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ ഗുരുതര ആരോപണം. മുഖ്യമന്ത്രിയുടെ വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരുടെ ഡാന്‍സ് ട്രൂപ്പിന് ലക്ഷങ്ങള്‍ നല്‍കിയെന്നാണ് ആക്ഷേപം. ജീവനക്കാരുടെ സംഘടനയായ സചിവാലയ ജിംഖാനയുടെ കീഴിലുള്ള ഡാന്‍സ് ട്രൂപ്പിന് വിദേശത്ത് പോകാന്‍ പണം നല്‍കിയതാണ് വിവാദമായത്.

ഡിസംബറില്‍ തായ്‌ലന്‍ഡില്‍ നടക്കുന്ന ഫെസ്റ്റിവെലിന് പോകാന്‍ വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍ നിന്നും 8 ലക്ഷം രൂപ അനുവദിച്ചു എന്നാണ് ആരോപണം. വിവരാവകാശ നിയമ പ്രകാരം ലഭിച്ച അപേക്ഷയില്‍ ആണ് പണം വകമാറ്റി നല്‍കിയതായി വ്യക്തമായത്.

മുഖ്യമന്ത്രിയുടെ കീഴിലാണ് വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ട്. ഇതില്‍ നിന്നും പണം വകമാറ്റിയ വിവരം രേഖകള്‍ സഹിതം വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലി ആണ് പുറത്തുകൊണ്ടുവന്നത്. പണം ഡാന്‍സ് ട്രൂപ്പിന് വേണ്ടി വകമാറ്റാന്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണെന്നും രേഖകളില്‍ നിന്നും വ്യക്തമായിരുന്നു.

ഗുരുതര ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു. ഗുരുതര ആരോപണമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വകമാറ്റിയതിനെ ന്യായീകരിക്കാനാവില്ല. ഫഡ്‌നാവിസിന്റെ രാജിയാണ് വേണ്ടതെന്നും മനീഷ് തിവാരി പ്രതികരിച്ചു. എന്‍സിപിയും ഫഡ്‌നാവിസിന്റെ രാജി ആവശ്യപ്പെട്ടു.

ഫണ്ട് വകമാറ്റിയെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ഫഡ്‌നാവിസ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ മൂന്ന് തരം ഫണ്ടുണ്ട്. അതില്‍ സാംസ്‌കാരിക പരിപാടികള്‍ക്കായുള്ള ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചതെന്നും ബിജെപി മുഖ്യമന്ത്രി വിശദീകരിക്കുന്നു. ഫണ്ട് വക മാറ്റലില്‍ ബിജെപി മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ബിജെപി ദേശീയ നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News