തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ജയലളിതയുടെ വികസനമാതൃകയും; പ്രചരണ രംഗത്ത് വ്യത്യസ്തയായി കൊല്ലത്ത് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ജിആര്‍ ജയമോള്‍

കൊല്ലം: പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വികസന മാതൃക ഉയര്‍ത്തിക്കാട്ടി മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട്. കൊല്ലം നെടുവത്തൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി വോട്ടുതേടുന്നത്. മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥി ജിആര്‍ ജയമോള്‍.

തമിഴ്‌നാട്ടിലേതിന് സമാനമായ പ്രചരണരീതിയാണ് നെടുവത്തൂരിലും എഐഎഡിഎംകെ പിന്തുടരുന്നത്. കറുപ്പും ചുവപ്പും നിറമുള്ള കൊടി. തമിഴ്‌നാടിനെ ഇളക്കി മറിച്ച എംജിആറിന്റെയും മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ ജയലളിതയുടേയും പോസ്റ്ററുകളാണ് വാര്‍ഡ് നിറയെ. വനിതാ വാര്‍ഡാണ് നെടുവത്തൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ്. ജില്ലയിലെ ഏക സ്ഥാനാര്‍ത്ഥി കൂടിയാണ് ജിആര്‍ ജയമോള്‍. ചൂടേറിയ പ്രചരണ തിരക്കിലാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി.

ജയലളിതയുടെ വികസനനമാതൃകയാണ് മുന്നോട്ട് വയ്ക്കുന്നതെന്നാണ് സ്ഥാനാര്‍ത്ഥിയുടെ പക്ഷം. അമ്മയുടെ വികസന മാതൃക മികച്ചതാണെന്ന് ജിആര്‍ ജയമോള്‍ അവകാശപ്പെടുന്നു. തമിവ് നാട്ടില്‍ അമ്മ എന്തെല്ലാം കാര്യങ്ങല്‍ നടപ്പാക്കുന്നുണ്ടോ അതെല്ലാം എഐഎഡിഎംകെ നേരിട്ട് നടപ്പാക്കുമെന്നാണ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പാവപ്പെട്ടവരെ സഹായിക്കലാണ് അമ്മ നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് പഠിക്കാന്‍ ലാപ്‌ടോപ്പ് അമ്മ നല്‍കുന്നുണ്ട്. സ്‌കൂളില്‍ പോകാന്‍ സെക്കിള്‍. പാവപ്പെട്ട പെണ്‍കുട്ടികളെ കല്യാണം കഴിച്ച് അയയ്ക്കാന്‍ സ്വര്‍ണാഭരണങ്ങളും പണവും അമ്മ നല്‍കുന്നു. അതെല്ലാം ഇവിടെയും നല്‍കുമെന്നാണ് സ്ഥാനാര്‍ത്ഥിയുടെ ഉറപ്പ്. ഒരു വാര്‍ഡില്‍ മാത്രം മത്സരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാഗ്ദാനം നടപ്പിലാക്കുന്നതില്‍ പരിമിതിയുണ്ടാവും. പക്ഷേ വാക്ക് പാലിക്കുന്നതിന് എഐഎഡിഎംകെ നേരിട്ട് ഇടപെടുമെന്നും സ്ഥാനാര്‍ത്ഥി വാഗ്ദാനം ചെയ്യുന്നു.

പ്രചരണത്തിന്റെ കാര്യത്തിലും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ ഞെട്ടിച്ചു. പ്രചരണത്തിന് തമിഴ്‌നാട്ടിലെ മന്ത്രിയെ തന്നെ കൊണ്ടുവന്നു. നിയമ – പഞ്ചായത്ത് വകുപ്പ് മന്ത്രിയായ വേലുമണിയാണ് നെടുവത്തൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനെത്തിയത്.

എഐഎഡിഎംകെ കൊല്ലം ജില്ലാ സെക്രട്ടറി ബൈജുവിന്റെ സഹോദരികൂടിയാണ് ജിആര്‍ ജയമോള്‍. ആറ് മാസം മുന്‍പാണ് എഐഎഡിഎംകെയില്‍ ജയമോള്‍ അംഗമായത്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ആണെങ്കിലും പാര്‍ട്ടിയുടെ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാനാവില്ല. കാരണം തമിഴ്‌നാട്ടിലെ പാര്‍ട്ടി ചിഹ്നമായ രണ്ടില ഇവിടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഔദ്യോഗിക ചിഹ്നമാണ്. പകരം തൊപ്പി ചിഹ്നത്തിലാണ് ജിആര്‍ ജയമോള്‍ മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News