വെള്ളാപ്പള്ളിക്കെതിരായ വിഎസിന്റെ ആരോപണങ്ങള്‍ ശരിവെച്ച് വിജിലന്‍സ് റിപ്പോര്‍ട്ട്; വെള്ളാപ്പള്ളിയും കുടുംബവും നിരന്തരം നിയമം ലംഘിച്ചു; ഗുരുതര പരാമര്‍ശങ്ങളുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിളിന്; വെള്ളാപ്പള്ളിക്കെതിരെ തെളിവുണ്ടെന്ന് വിഎസ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിയുന്നു. വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വെള്ളാപ്പള്ളി നടേശനെ പ്രതിക്കൂട്ടിലാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു. മൈക്രോ ഫിനാന്‍സ് വഴി പണം കടം കൊടുക്കുന്നത് ഉയര്‍ന്ന പലിശക്ക് ആണെന്ന് വിജിലന്‍സ് കണ്ടെത്തി. 4 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശക്കാണ് എസ്എന്‍ഡിപി യോഗത്തിന് പണം ലഭിക്കുന്നത്. കുറഞ്ഞ പലിശ നിരക്കില്‍ ലഭിച്ച പണം 13% മുതല്‍ 18% പലിശക്ക് നല്‍കിയെന്നും വിജിലന്‍സ് കണ്ടെത്തി.

വിജിലന്‍സ് ഡിവൈഎസ്പി കെആര്‍ വേണുഗോപാല്‍ ആണ് വെള്ളാപ്പള്ളി നടേശനെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ അന്വേഷണ  റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിജിലന്‍സ് 2014 ഫെബ്രുവരിയില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയും ഗുരുതര പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്നു. തുഷാര്‍ വെളളാപളളിയും സഹോദരി വന്ദനയും വിദ്ദേശ വിനിമയ ചട്ടം ലംഘിച്ചതായും വിജിലന്‍സ് കണ്ടെത്തി. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ ഗുരുതര കണ്ടെത്തലുകള്‍ ഉള്ള സാഹചര്യത്തില്‍ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

വെളളാപളളി ഭൂപരിധി നിയമം ലംഘിച്ചതായും വിജിലന്‍സ് കണ്ടെത്തി. വെളളാപ്പളളിക്ക് 35 ഏക്കര്‍ സ്ഥലമാണ് കുടുംബസ്വത്തായി ലഭിച്ചത് എന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. 17-ാമത്തെ വയസില്‍ ഭാഗപത്രപ്രകാരമാണ് വെളളാപ്പളളിക്ക് ഭൂമി ലഭിച്ചത്. 10 സഹോദരങ്ങള്‍ ഉളള വെളളാപ്പളളിക്ക് ഇത്രയും എങ്ങനെ ലഭിച്ചു എന്നതില്‍ ദുരൂഹതയുണ്ട്. റിപ്പോര്‍ട്ടില്‍ ഉടനീളം വെളളാപ്പള്ളി നടേശനെ വെളളപൂശാനും വിജിലന്‍സ് ശ്രമിക്കുന്നു. ആരോപണങ്ങള്‍ പലതും പൊതുപ്രസ്താവനകളെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here