അസഹിഷ്ണുത നാടകത്തോടും; പാക് കലാസംഘത്തെ അക്രമിച്ച ശിവസേന പ്രവർത്തകർ അറസ്റ്റിൽ

ഗുഡ്ഗാവ്: പാക് കലാസംഘത്തിന്റെ നാടകം തടസപ്പെടുത്തിയ സംഭവത്തിൽ നാലു ശിവസേന പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. ശനിയാഴ്ച്ച വൈകുന്നേരം ഗുഡ്ഗാവിൽ നടന്ന നാടകവേദിയിലേക്ക് പാക് വിരുദ്ധ മുദ്രാവാക്യവുമായി ശിവസേനക്കാർ അതിക്രമിച്ചുകയറുകയായിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള മാസ് ഗ്രൂപ്പ് ഫൗണ്ടേഷന്റെ ബാഞ്ച് എന്ന നാടകമാണ് ശിവസേന പ്രവർത്തകർ തടസപ്പെടുത്തിയത്.

ഹിന്ദുസ്ഥാൻ സിന്ദാബാദ്, പാകിസ്ഥാൻ മുർദാബാദ് എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് പത്തോളം വരുന്ന പ്രവർത്തകർ വേദിയിലേക്ക് തള്ളിക്കയറി പരിപാടി അലങ്കോലപ്പെടുത്തിയത്. ഇന്ത്യാ-പാക് അതിർത്തിയിൽ വെടിവയ്പ്പ് തുടരുന്ന സാഹചര്യത്തിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്നും പ്രവർത്തകർ പറയുന്നു.

അതേസമയം, പരിപാടിക്ക് സംഘാടകർ അനുമതി വാങ്ങുകയോ സുരക്ഷ ആവശ്യപ്പെട്ട് സമീപിക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ അക്രമവിവരം അറിഞ്ഞയുടൻ പൊലീസ് എത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.

നേരത്തെ ഗസൽ ഗായകൻ ഗുലാം അലിയുടെ മുംബൈയിലെയും ദില്ലിയിലെയും സംഗീത പരിപാടി ശിവസേനയുടെ എതിർപ്പിനെ തുടർന്ന് റദ്ദാക്കിയിരുന്നു. മുൻ പാക് വിദേശകാര്യ മന്ത്രി ഖുർഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന് നേരെയും ശിവസേന ആക്രമണം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here