ജയം തീരുമാനിക്കാന്‍ ബംഗാളികള്‍; നെല്ലിയാമ്പതിയില്‍ ഓരോ വോട്ടും നിര്‍ണായകം

പാലക്കാട്: നെല്ലിയാമ്പതി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ആര് ജയിക്കണമെന്ന് ഇക്കുറി ബംഗാളികള്‍ തീരുമാനിക്കും. ആകെ 308 വോട്ടര്‍മാരുള്ള വാര്‍ഡില്‍ പുതിയ വോട്ടര്‍ പട്ടിക പ്രകാരം ബംഗാള്‍ സ്വദേശികളായ 25 പേര്‍ക്ക് വോട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 3 വോട്ടിനാണ് ഈ വാര്‍ഡില്‍ ജയിച്ചത്.

ജനസംഖ്യാ ആനുപാതികമായി കണക്കാക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടന്മാരുളള പഞ്ചായത്തുകളിലൊന്നാണ് നെല്ലിയാമ്പതി. പുതിയ പട്ടിക പ്രകാരം 4310 പേര്‍ക്കാണ് വോട്ട്. രണ്ടാം വാര്‍ഡ് സീതാര്‍കൂണ്ടില്‍ ആകെ വോട്ടര്‍ന്മാര്‍ 308ഉം. ഈ ഘട്ടത്തിലാണ് പട്ടികയില്‍ ഇടംപിടിച്ച ബംഗാളികളായ 25 പേരുടെ വോട്ടുകള്‍ നിര്‍ണ്ണായകമാകുന്നത്. കഴിഞ്ഞ തവണ സിപിഐഎം പ്രതിനിധി മോള്‍സി തോമസ് 3 വോട്ടുകള്‍ക്ക് ജയിച്ച വാര്‍ഡാണിത്.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുളള ബംഗാളികളുടെ അപേക്ഷ പഞ്ചായത്ത് സെക്രട്ടറി തളളി. എങ്കിലും അപ്പീല്‍ പഞ്ചായത്ത് ഡെപ്യൂട്ടീ ഡയറക്ടര്‍ അനുവദിച്ചു. വര്‍ഷങ്ങളായി പോബ്‌സണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ബംഗാളികള്‍. ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ചിറക്കിയത് എല്‍ഡിഎഫ് ആണെന്നാണ് യുഡിഎഫിന്റെ ആരോപണം. സിപിഐയിലെ ഗിരിജയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിനുവേണ്ടി കോണ്‍ഗ്രസിലെ അബ്ദുള്‍ വഹാബ് മത്സരിക്കുന്നു. 13 വാര്‍ഡുകളുളള പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഒന്‍പത്, യുഡിഎഫ് നാല് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News