തന്റെ വിവാഹം നവംബർ 26ന് നടക്കുമെന്ന വാർത്തകൾ തള്ളി ബോളിവുഡ് മലയാളി താരം അസിൻ രംഗത്ത്. ആരാണ് വിവാഹദിനം സംബന്ധിച്ച വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ഓരോ തവണയും ഓരോ തീയതികളാണ് ഇവർ പ്രചരിപ്പിക്കുന്നതെന്നും അസിൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച് ബോളിവുഡ് ലൈഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഏറ്റെടുത്ത സിനിമകൾ പൂർത്തിയായ ശേഷമേ തീയതി തീരുമാനിക്കൂ. ഈ വർഷം എന്തായാലും ഉണ്ടാവില്ല. ദിവസം തീരുമാനിച്ചാൽ താൻ തന്നെ അക്കാര്യം എല്ലാവരെയും അറിയിക്കുമെന്നും അതുവരെ ക്ഷമപാലിക്കണമെന്നും അസിൻ പറയുന്നു. പ്രതിശ്രുത വരനും മൈക്രോമാക്‌സ് സ്ഥാപകൻ രാഹുൽ ശർമയുമായ ഒരു യാത്രയുടെ തിരക്കുകളിലാണ് അസിൻ.
അസിന്റെ വിവാഹം ദില്ലിയിലെ പ്രമുഖ ഹോട്ടലിൽ വച്ച് നവംബർ 26ന് നടക്കുമെന്നാണ് പ്രധാനദേശീയമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുൽ ശർമ്മയും താനും വിവാഹിതരാകുന്ന കാര്യം താരം പ്രഖ്യാപിച്ചത്. അസിൻ നായികയായ ഗജിനി സിനിമയുടെ കഥയോട് ഉപമിച്ചായിരുന്നു ഇരുവരുടെയും പ്രണയവാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നത്. രാഹുലിനെ അസിന് പരിചയപ്പെടുത്തിയത് താനാണെന്ന് പറഞ്ഞ് അക്ഷയ്കുമാർ രംഗത്ത് വന്നിരുന്നു. ദ മാൻ എന്നാണ് അസിൻ രാഹുലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
വിവാഹശേഷം താൻ കൂടുതൽ സമയം നൽകുന്നത് സ്വകാര്യജീവിതത്തിനായിരിക്കുമെന്നും രണ്ടു വർഷം മുൻപ് തന്നെ പുതിയ ചിത്രം കരാർ ചെയ്യുന്നത് നിർത്തിയിരുന്നുവെന്നും അസിൻ അന്ന് പറഞ്ഞിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post