നീന്തൽ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിച്ചുവെന്ന് ഹൈക്കോടതി; രണ്ടാഴ്ച്ചക്കുള്ളിൽ വിശദീകരണം നൽകണമെന്ന് സർക്കാരിനോട് കോടതി

കൊച്ചി:നീന്തൽ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിച്ചുവെന്ന് ഹൈക്കോടതി. ഇക്കാര്യം സംബന്ധിച്ച് രണ്ടാഴ്ച്ചക്കുള്ളിൽ സംസ്ഥാന സർക്കാർ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിൽ എന്തുകൊണ്ട് പുനരന്വേഷണം സാധ്യമല്ലെന്നും കോടതി ചോദിച്ചു.

കേസിൽ കുറ്റപത്രം സമർപ്പിച്ചതിന്റെ രേഖകൾ ഹാജരാക്കാനും ജസ്റ്റിസ് കമാൽപാക്ഷ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. പുനരന്വേഷണത്തിന്റെ വിശദാംശങ്ങളും ഹാജരാക്കണം. മരണത്തിൽ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്.

അതേസമയം, മരണത്തിലെ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്നും പുതിയ തെളിവുകൾ ലഭിച്ചാൽ പുനരന്വേഷണത്തിന് തടസമില്ലെന്നും സർക്കാർ അറിയിച്ചു. കേസ് ആറു എസ്പിമാർ വിശദമായ അന്വേഷിച്ചിട്ടുണ്ടെന്നും ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ കോടതി അറിയിച്ചു. പുതിയ തെളിവുണ്ടെങ്കിൽ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡോ.ബിജു രമേശ് ആണ് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. പീപ്പിൾ ടിവിയോട് നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ: ‘ശാശ്വതീകാനന്ദയെ കൊന്നത് പ്രിയൻ എന്നയാളാണ്. പ്രിയൻ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല. പ്രിയൻ വാടക കൊലയാളിയാണെന്നാണ് കേട്ടത്. ഇപ്പോൾ വ്യാപാരിയാണ് പ്രിയൻ. കേസിൽ നിയമ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് അഭ്യർത്ഥിച്ച് പ്രിയൻ തന്നെ ഫോണിൽ വിളിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തിൽ തന്റെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് തന്റെ മൊഴിയെടുത്തില്ല. പ്രിയനെ കേസിൽ നിന്ന് രക്ഷപെടുത്താൻ സാമ്പത്തിക സഹായം നൽകിയത് വെള്ളാപ്പള്ളി നടേശനാണ്. ഡിവൈഎസ്പി ഷാജി പ്രതിയായ കൊലപാതകകേസിലെ കൂട്ടുപ്രതിയാണ് പ്രിയൻ. പ്രിയനാണ് കൊലപാതകം നടത്തിയതെന്ന് ഡിവൈഎസ്പി ഷാജി എന്നോട് പറഞ്ഞു.’ ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പാലിൽ പ്രമേഹ മരുന്ന് നൽകിയാണെന്ന് വെളിപ്പെടുത്തലുകൾ വന്നിരുന്നു.

ശാശ്വതീകാനന്ദയുടേത് ജലസമാധിയല്ലെന്ന് ആർ ബാലകൃഷ്ണപ്പിള്ളയും രാവിലെ പറഞ്ഞിരുന്നു. മരിക്കുന്നതിന് തലേദിവസം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ശാശ്വതീകാനന്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആലുവയിൽ പോയി തിരിച്ച് വന്ന ശേഷം കാണാമെന്ന് ശാശ്വതീകാനന്ദ പറഞ്ഞിരുന്നുവെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു. അങ്ങനെയുള്ള ആൾ എങ്ങനെ ജലസമാധിയടയുമെന്നും ശാശ്വതീകാനന്ദ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബാലകൃഷ്ണപ്പിള്ള പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here