ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി; കൊല്ലുന്നതിന് മൃഗസംരക്ഷണ നിയമങ്ങൾ പാലിക്കണമെന്നും കോടതി

ദില്ലി: പേവിഷ ബാധയുള്ളതും പൊതുജനങ്ങളെ ആക്രമിക്കുന്നതുമായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ നിയമങ്ങൾ പാലിച്ച് കൊണ്ടാണ് കൊല്ലേണ്ടതെന്നും കോടതി അറിയിച്ചു. അതേസമയം, അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ അടുത്ത മാസം 18ന് വിശദമായ വാദം കേൾക്കും.

1960ലെ മൃഗസംരക്ഷണ നിയമത്തിലെ ചട്ടങ്ങൾ അനുസരിച്ചാണ് ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. കൂട്ടത്തോടെ കൊല്ലുന്നതിനോട് യോജിപ്പില്ല. എന്നാൽ പേവിഷമുള്ളതും ആക്രമണ സ്വഭാവം ഉള്ളതുമായ നായ്ക്കളെ കൊല്ലാം. നായ്ക്കളെ കൊല്ലാമെന്ന് കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര മൃഗസംരക്ഷണ ബോർഡ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതി പരാമർശം നടത്തിയത്.

ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി പരിഗണിച്ചില്ല. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാൻ കേസ് അടുത്ത മാസം 18ലേയ്ക്ക് മാറ്റി. തെരുവ് നായ്ക്കളുടെ ആക്രമണത്തിന് കുട്ടികളടക്കം ഇരയാകുന്നതായി കേരളം സുപ്രീംകോടതി അറിയിച്ചു.

2006ലാണ് ഹൈക്കോടതി പൊതുജനങ്ങളെ ആക്രമിക്കുന്ന നായ്ക്കളെ കൊല്ലാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ ഒരു മൃഗസംരക്ഷണ സംഘടന കഴിഞ്ഞ മാസം സുപ്രീംകോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി തള്ളി. സംഘടനയ്ക്ക് നിയമപരമായി ഈ കേസിൽ ഇടപെടാൻ അവകാശമില്ലെന്നാണ് ചൂണ്ടികാട്ടിയാണ് തള്ളിയത്. അന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡിന് എതിർ ഹർജി നൽകാൻ അനുവാദം നൽകി. ഇത് പ്രകാരമാണ് കേന്ദ്രം ഹൈക്കോടതി ഉത്തരവിനെതിരെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് വന്ന് 3,300 ദിവസത്തിന് ശേഷമാണ് എതിർ ഹർജി എന്നതും ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here