ബഡാരാജന്റെ പിന്‍ഗാമി ഛോട്ടാരാജനായി; ദാവൂദിന്റെ മിത്രവും ശത്രുവുമായി അധോലോകത്തെ നയിച്ച നാന; ചെമ്പൂരിലെ രാജേന്ദ്ര നികല്‍ജേ ലോകം മുഴുവന്‍ ഇന്ത്യ തെരഞ്ഞ കുറ്റവാളിയായതിങ്ങനെ

ചെമ്പൂരിലെ ചെറു ഗുണ്ടാത്തലവന്‍ ബഡാ രാജന്റെ പിന്‍ഗാമിയായി മുംബൈ അധോലോകത്തെ പണക്കളിയിലേക്കും ചോരക്കളിയിലേക്കും വളര്‍ന്ന ഛോട്ടാരാജന്‍ ഒടുവില്‍ പിടിയിലായിരിക്കുന്നു. ദാവൂദിന്റെ വലംകൈയായും പിന്നെ കടുത്തശത്രുവായും വളര്‍ന്ന രാജന്‍ പലപ്പോഴും കപ്പിനും ചുണ്ടിനുമിടയിലെന്നപോലെയാണ് പിടിയില്‍നിന്നു രക്ഷപ്പെട്ടത്. ഒരിക്കല്‍ ദാവൂദ് സംഘത്തിന്റെ തോക്കിന്‍മുന്നില്‍നിന്നും. ചെമ്പൂരിലെ സിനിമാടിക്കറ്റ് കരിഞ്ചന്തക്കാരനും മദ്യക്കടത്തുകാരനുമായി തുടങ്ങി ഒടുവില്‍ രാജ്യം ലോകം മുഴുവന്‍ തെരഞ്ഞ കൊടുംകുറ്റവാളിയായി മാറുകയായിരുന്നു രാജന്‍. നാന എന്ന പേരിലും ചിലര്‍ രാജനെ വിശേഷിപ്പിച്ചിരുന്നു.

ഏതാണ്ട് 35 വര്‍ഷം മുമ്പാണ് രാജേന്ദ്ര നിഖാല്‍ജേ എന്നു യഥാര്‍ഥ പേരുള്ള ഛോട്ടാരാജന്‍ മുംബൈയിലെ ക്രിമിനല്‍ ലോകത്തെത്തുന്നത്. ബഡാ രാജന്‍ എന്നറിയപ്പെട്ടിരുന്ന ഗുണ്ടാസംഘത്തലവന്റെ അനുയായതോടെയാണ് ദാവൂദിന്റെ ലോകത്തേക്കു ഛോട്ടാരാജന്‍ പ്രവേശിക്കുന്നത്. ബഡാരാജന്റെ മരണത്തോടെ ഛോട്ടാരാജന്‍ സംഘത്തലവനായി. ബഡാ രാജന്റെ അനുയായിയെ മുംബൈ അധോലോകം ഛോട്ടാരാജന്‍ എന്നു വിളിക്കുകയും ചെയ്തു.

മുംബൈയിലെ വീരസാഹസികതയാണ് രാജനെ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലെത്തിച്ചത്. 1988-ല്‍ ദാവൂദിന് പിന്നാലെ ഛോട്ടാരാജനും ദുബായിലേക്കു കടന്നു. പിന്നീട് ദാവൂദിന് വേണ്ടി മുംബൈ അധോലോകം അവിടിരുന്നു നിയന്ത്രിച്ചു. ഇടയ്ക്കിടെ മുംബൈയില്‍ വന്നു പോയ്‌ക്കൊണ്ടും ഇരുന്നു. കൊള്ള, കവര്‍ച്ച, കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്നു കടത്ത്, ബോളിവുഡിനുവേണ്ടി കള്ളപ്പണമൊഴുക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഛോട്ടാരാജന്‍ നേരിട്ടായിരുന്നു. ഇരുപതു കൊലപാതക്കേസുകളില്‍ പ്രതിയായിരുന്നു. 1993-ല്‍ ദാവൂദിന്റെ മകള്‍ നൂറയുടെ വിവാഹത്തില്‍ പങ്കെടുത്ത രാജന്‍ പിന്നീട് ദാവൂദുമായി അകലുകയായിരുന്നു.

മുംബൈയെയും ഇന്ത്യയെയും ഞെട്ടിച്ച 1993-ലെ സ്‌ഫോടനപരമ്പരയോടെ ദാവൂദും രാജനും തെറ്റി. ഇരുവര്‍ക്കും സ്‌ഫോടനങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മതപരമായ കാരണംതന്നെയായിരുന്നു പ്രധാനം. സ്‌ഫോടനങ്ങളില്‍ ഇരുവര്‍ക്കും തുല്യ പങ്കുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ദാവൂദും രാജനും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ മറ്റ് അധോലോക നേതാക്കളായ ഛോട്ടാ ഷക്കീലും ശരത് ഷെട്ടിയും പ്രവര്‍ത്തിച്ചതും ദാവൂദിന്റയെും രാജന്റെയും ബന്ധത്തില്‍ വിള്ളലിനു വഴിവച്ചു. പിന്നാലെ രാജനെ ദാവൂദ് സംഘത്തില്‍നിന്നു പുറത്താക്കുകയായിരുന്നു. ഇന്ത്യയില്‍നിന്നു പലായനം ചെയ്യാനും പിന്നീടു സുരക്ഷയ്ക്കും ഇന്ത്യയുടെ സഹായം പലപ്പോഴും രാജന്‍ തേടിയിട്ടുണ്ട്. ബാങ്കോക്കില്‍ വച്ച് ഇന്ത്യന്‍ സുരക്ഷാസംഘത്തിന്റെ കണ്ണുവെട്ടിച്ചു രാജന്‍ രക്ഷപ്പെടുകയും ചെയ്തു.

ഒരിക്കല്‍ ദാവൂദ് സംഘത്തിന്റെ തോക്കിന്‍മുനയില്‍നിന്നു രാജന്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. രണ്ടായിരത്തിലായിരുന്നു അത്. ബാങ്കോക്കില്‍ രാജന്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്നറിഞ്ഞ ദാവൂദ് വകവരുത്താന്‍ തീരുമാനിച്ചു. ഹോട്ടലിലെത്തിയ സംഘം രാജനെ വളഞ്ഞുവച്ചു നിറയൊഴിച്ചു. പിസയുമായെത്തിയ വെയ്റ്ററുടെ റോളിലാണ് അക്രമി രാജന്റെ റൂമിലെത്തിയത്. അതിനിടയില്‍ ഹോട്ടലില്‍നിന്നു സാഹസികമായി നിലത്തേക്കു ചാടിയ രാജന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.

പിന്നീട് ദാവൂദിനെ വെല്ലുവിളിച്ചു രാജന്‍ വളര്‍ന്നു. ദാവൂദിനെ വകവരുത്തി മുംബൈ അധോലോകത്തിന്റെ കിരീടം തലയില്‍ വയ്ക്കുകയായിരുന്നു രാജന്റെ സ്വപ്നം. ഇതിന്റെ ഭാഗമായി രാജന്‍ സംഘം ഡി കമ്പനിയുടെ ഫിനാന്‍സ് മാനേജര്‍ ശരത് ഷെട്ടിയെയും വിനോദ് ഷെട്ടിയെയും കാലപുരിക്കയച്ചു. അതിനിടെ, തന്റെ ജീവന്‍ അപകടത്തിലാവുമെന്ന ഘട്ടം വന്നപ്പോള്‍ ഡി കമ്പനിയുടെ വിവരങ്ങള്‍ രാജന്‍ കേന്ദ്രസര്‍ക്കാരിനു നല്‍കുകയും ചെയ്തു. മൂന്നു മക്കളാണ് രാജനുള്ളത്. അങ്കിത നികല്‍ജേ, നികിത നികല്‍ദേ, ഖുശി നികല്‍ജേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News