സ്മാര്‍ട്‌ഫോണുകളെയും സാങ്കേതികവിദ്യകളെയും ഇന്ത്യക്കു പരിചയപ്പെടുത്തിയ അനുപം സക്‌സേന അന്തരിച്ചു; പ്രമുഖ ടെക് ജേണലിസ്റ്റിന്റെ അന്ത്യം മുപ്പതാം വയസില്‍

ദില്ലി: രാജ്യത്തെ ഗാഡ്‌ജെറ്റ്, ടെക്‌നോളജി രംഗങ്ങളിലെ മികച്ച വിശകലനങ്ങളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ അനുപം സക്‌സേന അന്തരിച്ചു. ഗുരുതരരോഗം ബാധിച്ചു ചികിത്സയിലായിരുന്നു അനുപം. മുപ്പതുവയസായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്നത്.

മീഡിയനാമ, എന്‍ഡിടിവി എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മീഡിയാനാമയിലെ ടെക് റിവ്യൂകളിലൂടെയാണ് അനുപം സക്‌സേന ആദ്യം ശ്രദ്ധേയനായത്. പിന്നീട് എന്‍ഡിടിവിയില്‍ ചേരുകയായിരുന്നു. അതിനുശേഷം ടൈംസ് ഓഫ് ഇന്ത്യയിലും. കഴിഞ്ഞ കുറച്ചു മാസമായി രോഗം ബാധിച്ചു ചികിത്സയിലായിരുന്നെങ്കിലും ടൈംസ് ഓഫ് ഇന്ത്യയിലെ ന്യൂസ് റൂമില്‍ അവസാനം വരെയും സജീവമായിരുന്നു.

പുറത്തിറങ്ങുന്ന സ്മാര്‍ട്‌ഫോണുകളോടും സാങ്കേതികവിദ്യയോടും അടങ്ങാത്ത പ്രണയമായിരുന്നു അനുപത്തിന്. ആപ്പിള്‍ ഫാന്‍ ബോയ് എന്നും റിച്ചീ റിച്ച് എന്നുമൊക്കെയായിരുന്നു നിരന്തരമായ ഫോണ്‍ മാറ്റല്‍ കാരണം അനുപത്തെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിളിച്ചിരുന്നത്. ഗൂഗിള്‍ നെക്‌സസ് 5 എക്‌സിനെക്കുറിച്ചുള്ള റിവ്യൂ ആണ് അവസാനം എഴുതിയത്.

ഇന്റര്‍നെറ്റ് സമത്വം ചര്‍ച്ചയായപ്പോള്‍ അതിനായി ഏറ്റവും അധികം വാദിച്ച മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അനുപം. ഇന്ത്യയുടെ സാഹചര്യങ്ങളില്‍ എങ്ങനെയായിരിക്കണം ഇന്റര്‍നെറ്റ് ലഭ്യതയെന്നും അതിനാല്‍ ഇന്റര്‍നെറ്റ് സമത്വത്തിനായി ട്രായിയുടെ വെബ്‌സൈറ്റില്‍ അഭിപ്രായം രേഖപ്പെടുത്തണമെന്നും നിരന്തരം അനുപം വായനക്കാരെ അറിയിച്ചിരുന്നു.

അനുപം ടൈംസ് ഓഫ് ഇന്ത്യയില്‍ ചെയ്ത പ്രമുഖമായ ചില റിവ്യൂകള്‍ വായിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here