അതിരുകള്‍ മായുന്ന മനുഷ്യ സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചകള്‍ വരച്ചുകാട്ടിയ ബജ്‌റംഗി ഭായിജാന്‍ എന്ന സിനിമയുടെ യഥാര്‍ത്ഥ ജീവിത്കാഴ്ചയാണ് പതിനഞ്ചു വര്‍ഷത്തോളം നീണ്ട അനാഥ ജീവിതത്തിനൊടുവില്‍ ജനിച്ച മണ്ണിലേക്കു ഗീതയെന്ന ഇന്ത്യന്‍ പെണ്‍കുട്ടി തിരിച്ചുവരുമ്പോള്‍ ഓര്‍മ്മകളിലേക്കെത്തുന്നത്. കലയും, കലാകാരന്‍മാരും ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവര്‍ കാലത്തെ അതിജീവിക്കുന്നു എന്ന ലളിതതത്വമാണ് ബജ്‌റംഗി ഭായിജാന്‍ എന്ന സിനിമ പ്രേക്ഷകരോട് പറഞ്ഞത്. അപകടത്തില്‍ നഷ്ടമായ സംസാരശേഷി തിരിച്ചുകിട്ടാന്‍ പാക്കിസ്താനില്‍നിന്നു സൂഫി വര്യനെ കാണാന്‍ ഇന്ത്യയിലെത്തുന്ന ഷാഹിതയെന്ന പെണ്‍കുട്ടി അച്ഛന്റെയും അമ്മയുടേയും കൂട്ടം തെറ്റിപ്പോകുന്നതും പിന്നീട് സല്‍മാന്‍ഖാന്റെ നായക കഥാപാത്രത്തിന്റെ സഹായ്‌ത്തോടെ പാക്കിസ്ഥാനിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്താന്‍ നടത്തുന്ന കണ്ണീരണിയിപ്പിക്കുന്ന യാത്രയുമാണ് ബജ്‌റംഗി ഭായിജാനെ പ്രേക്ഷകരോട് ചേര്‍ത്ത് നിര്‍ത്തിയത്.
ബജ്‌റംഗി ഭായിജാന്‍ എന്ന സിനിമയെക്കുറിച്ച് അതിന്റെ അണിയറക്കാര്‍ ചിന്തിക്കുന്നതിനു പതിനഞ്ചുകൊല്ലം മുമ്പേ സംഝോത എക്‌സ്പ്രസില്‍ ഗീതയെന്ന പെണ്‍കുട്ടി ഇന്ത്യയല്‍ നിന്ന് പാക്കിസ്ഥാനിലേക്ക് യാത്ര പോയിരുന്നു. അന്നവള്‍ക്ക് അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെയുണ്ടായിരുന്നു എന്നാല്‍ ആ യാത്ര ലഹോറില്‍ അവസാനിക്കുമ്പോല്‍ ഗീത അനാഥയായിരുന്നു. അവള്‍ക്ക് അവളുടെ അച്ഛനേയും അമ്മയേയും എവിടെയോ നഷ്ടപ്പെട്ടു. പിന്നീട് പതിനഞ്ചുകൊല്ലക്കാലം ഒരു സന്നദ്ധസംഘടനയുടെ തണലില്‍ ഗീതയെന്ന ഇന്ത്യന്‍ പെണ്‍കുട്ടി ഉറ്റവരെക്കാത്തിരുന്നു. ഒടുവില്‍ ബന്ധുക്കളെ കണ്ടെത്തിയ അവള്‍ ഇന്നു രാവിലെ ദില്ലിയില്‍ വിമാനമിറങ്ങിയപ്പോള്‍ കടിച്ചുകീറാനൊരുങ്ങുന്ന രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ വറ്റിപ്പോയ സ്‌നേഹവും കരുതലും ഒരിക്കല്‍കൂടി ഉറവപൊട്ടി.
ബജ്‌റംഗി ഭായിജാന്‍ എന്ന സിനിമയും, ഗീതയുടെ വരവും വെറും സംഭവങ്ങള്‍ എന്നതിനപ്പുറം ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. കപട രാജ്യസ്‌നേഹത്തിന്റെ പേരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് ഗീതയെ പൊന്നുപോലെ കാത്ത പാക്കിസ്ഥാനിലെ മനുഷ്യ സ്‌നേഹികളോട് എന്താണ് പറയാനുണ്ടാവുക. സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന ബ്രാഹ്മണ കഥാപാത്രം ഷാഹിദയെന്ന അന്യമതക്കാരി പെണ്‍കുട്ടിയെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കാത്തുസൂക്ഷിക്കുമ്പോല്‍ മതത്തിന്റെ പേരില്‍ സഹോദരനെക്കൊല്ലുന്ന ഹിന്ദുത്വ വര്‍ഗീയവെറിയുടെ മുഖത്തേക്ക് കലാകാരന്‍ നല്‍കുന്ന അടികൂടിയാകുന്നു ആ ചിത്രം
Get real time update about this post categories directly on your device, subscribe now.
Discussion about this post