ദില്ലി കേരള ഹൗസില്‍ ബീഫ് പരിശോധനയ്ക്കു പൊലീസ് ഇരച്ചുകയറിയ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. ഏതെങ്കിലും ഒരു വസതിയിലേക്കു വര്‍ഗീയ ഭ്രാന്തന്‍മാര്‍ ഇരച്ചുകയറുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ആപല്‍കരമാണ് ഈ നടപടി. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ദില്ലി പൊലീസ് ഇത്തരം ഒരു കൃത്യം അനുഷ്ഠിച്ചത് ആരുടെ പ്രേരണ കൊണ്ടായിരിക്കാം?
കേരള ഹൗസിന്റെ സ്റ്റാഫ് കാന്റീനില്‍ ബീഫ് കറി വിളമ്പുന്നതിനുപതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. എണ്‍പതുകളുടെ ഒടുക്കം മുതല്‍ ഒന്നര പതിറ്റാണ്ടു ഞാനും ഇവിടെനിന്നു ബീഫ് കറി കഴിച്ചിട്ടുണ്ട്. ദില്ലിയില്‍ വരുന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥപ്രമാണിമാരുമൊക്കെ ഏതെങ്കിലും ഘട്ടത്തില്‍ ഈ കാന്റീന്‍ സന്ദര്‍ശിച്ചിട്ടുണ്ടാകും. ഇവിടെ ഏറ്റവും വിറ്റഴിയുന്ന ഒരു ഭക്ഷണ വിഭവം ബീഫാണു താനും. ദില്ലിയില്‍ മലയാളം മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, ആംഗലേയ മേഖലയിലുള്ള പത്രപ്രവര്‍ത്തകര്‍പോലും ഇടയ്ക്കു വന്നു പോകുന്ന സ്ഥലമാണത്.
ദില്ലി പൊലീസിന്റെ നടപടിക്ക് ഒട്ടേറെ വശങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഈ നടപടി മലയാളിയുടെ ആത്മാഭിമാനത്തിനു മുകളിലുള്ള ട്രപ്പീസ് കളിയാണെന്നതാണ്. കേരളഹൗസ് നമ്മുടെ മിനി സെക്രട്ടേറിയറ്റാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള ഭരണകേന്ദ്രമെന്നര്‍ഥം. ഏതെങ്കിലും സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കിട്ടിയ സ്ഥലമല്ല ഇതെന്നതും ശ്രദ്ധേയം. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം തിരുവിതാംകൂര്‍ രാജാവിന്റെ ദില്ലിയിലെ കേന്ദ്രം നമുക്കു കൈമാറപ്പെട്ടതാണ്. ഇവിടെയാണു കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഭരണവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം പത്തുലക്ഷത്തോളം വരുന്ന മലയാളികള്‍ക്ക് അഭിമാനത്തോടെ ഒന്നു വന്നു തലയുയര്‍ത്തി ശ്വാസം നുകരാനുള്ള ഇടം കൂടിയാണ് അത്. കേരള ഹൗസിന്റെ അടുക്കളയില്‍ വേവുന്ന ഇറച്ചിയുടെ ഡിഎന്‍എ പരിശോധിക്കാന്‍ പൊലീസ് പാഞ്ഞെത്തുക എന്നതു നമ്മെ അമ്പരിപ്പിക്കുന്ന വിഷയമാണ്. തമിഴ്‌നാട് ഭവനിലോ ആന്ധ്രാ ഭവനിലോ ബിഹാര്‍-ഉത്തര്‍പ്രദേശ് നിവാസുകളിലോ ഇങ്ങനെ ദില്ലി പൊലീസ് ഇരച്ചുകയറിയാല്‍ ആത്മാഭിമാനത്തിന്റെ അഗ്നിജ്വാലയായിരിക്കും ഫലം. മറ്റു ഭവനുകളുടെ കാര്യത്തില്‍ ഇത്തരം ധാര്‍ഷ്ട്യം കാണിക്കാന്‍ പൊലീസ് തയാറാകില്ലെന്നതു മറ്റൊരു കാര്യം.
മലയാളിയുടെ ആത്മാഭിമാനം കത്തിപ്പടരേണ്ട ഒരു വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് എന്നെ ഏറെ വിഷമിപ്പിക്കുന്നത്. ദില്ലി പൊലീസ് മിതത്വം പാലിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. മറ്റേതെങ്കിലും ഭവനിലായിരുന്നു ഇത്തരം അതിക്രമമെങ്കില്‍ ആ സംസ്ഥാനത്തിന്റെ ഭരണാധികാരി കേന്ദ്രത്തിനു മുന്നില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമായിരുന്നു. നിരുപാധികം മാപ്പെന്ന പ്രക്രിയയ്ക്കു ദില്ലി പൊലീസിനെ വിധേയമാക്കുമായിരുന്നു. ചുരുങ്ങിയ പക്ഷം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയോ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറുടെയോ ഖേദപ്രകടനം ഉറപ്പുവരുത്തുമായിരുന്നു. ഉത്തരേന്ത്യന്‍ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ദാസ്യവേല ചെയ്യുന്ന രീതിയിലാണു നമ്മുടെ ഭരണാധികാരിയുടെ പ്രതികരണം. പൊലീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ കാന്റീനിലെ ബീഫ് കറി ഒഴിവാക്കിയ നടപടി ആര്‍ക്കുവേണ്ടിയാണെന്നും മുഖ്യമന്ത്രി വിശദീകരിക്കണം. ഇതോടെ കീഴടങ്ങലിന് ഔദ്യോഗിക ഭാഷ്യം ലഭിച്ചിരിക്കുകയാണ്.
കേരള ഹൗസ് സംഭവത്തിന്റെ പശ്ചാത്തലം വ്യക്തമാകാന്‍ ചില കാര്യങ്ങള്‍ കൂടി മനസിലാക്കണം. ദില്ലി കോര്‍പറേഷന്റെ അംഗീകൃത മാംസ വ്യാപാര കേന്ദ്രങ്ങളില്‍നിന്നാണു കേരള ഹൗസിലേക്കു ബീഫ് വാങ്ങുന്നത്. സീല്‍ പതിപ്പിച്ച മാംസം വാങ്ങുമ്പോള്‍ അതു ചൂഴ്‌ന്നെടുത്ത് എന്തെങ്കിലും പരിശോധനയ്ക്കു വിധേയമാക്കാന്‍ കാന്റീന്‍ അധികൃതര്‍ക്കു കഴിയില്ല. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ വില്‍പന കേന്ദ്രങ്ങളിലാണു പരിശോധിക്കേണ്ടത്. കേരള ഹൗസ് കാന്റീന്‍ അധികൃതര്‍ മാടുകളെ അറക്കാറില്ലെന്ന കാര്യം സാമാന്യബോധമുള്ള ആര്‍ക്കും മനസിലാകും. ഇനി അഥവാ, ഇക്കാര്യത്തില്‍ കൂടുതല്‍ കൃത്യത വേണമെന്നു ദില്ലി പൊലീസിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറെ ബന്ധപ്പെട്ട് അതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാമായിരുന്നു. അടുക്കളയില്‍ വേവുന്ന ഇറച്ചി എന്താണെന്നു കണ്ടുപിടിക്കാനുള്ള വൈദഗ്ധ്യം ദില്ലി പൊലീസല്ല, മറ്റൊരു പൊലീസും കരസ്ഥമാക്കിയിട്ടില്ല.
കൊടുംപാതകങ്ങളുടെ തലസ്ഥാനം കൂടിയാണു ദില്ലി. മിനുട്ടിന് ഒന്നെന്ന തരത്തില്‍ ഈ മഹാനഗരത്തില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളോ അതിക്രമങ്ങളോ നടക്കുന്നുണ്ട്. ഇവിടേക്കൊന്നും ദില്ലി പൊലീസ് ഇരച്ചെത്തുന്നില്ല. മറിച്ചു കേരള ഹൗസിന്റെ അടുക്കള നിരങ്ങാന്‍ അവര്‍ക്കു പ്രത്യേകിച്ച് ഒന്നും ആലോചിക്കേണ്ടിവന്നതുമില്ല.
ദില്ലി കേരള ഹൗസ് സംഭവത്തെ നിസാരവല്‍കരിക്കേണ്ട ഘട്ടമല്ല ഇത്. ഫാസിസത്തിന്റെ പുതിയ രീതിയിലുള്ള തേരോട്ടമാണു നാമിവിടെ കാണുന്നത്. അവഗണിച്ചുകൊണ്ട് ഇതിനെ ഇല്ലാതാക്കാമെന്നാണ് എന്റെ ചില സുഹൃത്തുക്കളുടെ നിലപാട്. എന്നാല്‍ നമ്മള്‍ കഴിച്ചതെന്താണെന്നു പരിശോധിക്കാന്‍ നമ്മുടെ വയര്‍ കുത്തിത്തുറക്കാന്‍ ചിലര്‍ മുതിരുന്നതിലേക്കായിരിക്കും ഈ നിസംഗത വഴിവയ്ക്കുന്നതെന്ന് ഇവര്‍ക്കു വൈകാതെ ബോധ്യപ്പെടും.
Get real time update about this post categories directly on your device, subscribe now.
Discussion about this post