ചന്ദ്രബോസ് വധക്കേസ്; ഒന്നാംസാക്ഷി വീണ്ടും മൊഴിമാറ്റി; നിസാം ചന്ദ്രബോസിനെ കാർ കൊണ്ട് ആക്രമിക്കുന്നത് കണ്ടെന്ന് അനൂപ്

തൃശൂർ: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ആഢംബര കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം സാക്ഷി അനൂപ് വീണ്ടും മൊഴിമാറ്റി. ആഢംബര കാർ കൊണ്ട് നിസാം ചന്ദ്രബോസിനെ ഇടിക്കുന്നത് കണ്ടെന്ന് അനൂപ് കോടതിയിൽ പറഞ്ഞു. ഇന്നലെ കോടതിയിൽ പറഞ്ഞത് കളവായിരുന്നെന്നും കുറ്റബോധം കൊണ്ടാണ് ഇന്ന് സത്യം പറയുന്നതെന്നും അനൂപ് കോടതിയെ അറിയിച്ചു. ചന്ദ്രബോസിനെ ആക്രമിക്കാൻ ഉപയോഗിച്ച നിസാമിന്റെ കാർ അനൂപ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

നിസാം ചന്ദ്രബോസിനെ മർദ്ദിക്കുന്നത് കണ്ടെന്നായിരുന്നു അനൂപ് നേരത്തെ മജിസ്ട്രറ്റിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി ഇന്നലെ കോടതി മുമ്പാകെ അനൂപ് മാറ്റി പറഞ്ഞിരുന്നു. ചന്ദ്രബോസിനെ മർദ്ദിക്കുന്നത് താൻ കണ്ടിട്ടില്ലെന്നാണ് അനൂപ് ഇന്നലെ നൽകിയ മൊഴി. ഇതാണ് ഇന്ന് മാറ്റി പറഞ്ഞത്.

തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ഇക്കഴിഞ്ഞ ജനുവരി 27നാണ് വ്യവസായി മുഹമ്മദ് നിസാം ആഢംബര വാഹനമിടിപ്പിച്ച് പരുക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിക്കുകയായിരുന്നു. കേസിൽ ഏപ്രിൽ ആദ്യവാരം പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റിയത് കേസിന്റെ ആദ്യഘട്ടത്തിൽ പ്രതികൂലമായിരുന്നു. എന്നാൽ സംഭവസമയത്ത് മുഹമ്മദ് നിസാമിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യ അമൽ ഉൾപ്പെടെ 111 സാക്ഷികളെയാണ് പ്രോസിക്യൂഷൻ കോടതിക്കു മുമ്പിൽ ഹാജരാക്കുന്നത്. കേസിൽ സഹായകമാവുന്ന അനുബന്ധ തെളിവുകളും ഇതോടൊപ്പം നൽകും. നവംബർ പതിനേഴിനകം സാക്ഷി വിസ്താരം പൂർത്തിയാക്കാനാണ് തീരുമാനം.

വിചാരണാ നടപടികൾ പൂർത്തിയാക്കി നവംബർ മുപ്പതിനകം കേസിൽ വിധിപറയാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News