മതേതര മണ്ണ് സംരക്ഷിക്കാന്‍ വര്‍ഗീയതയുമായി സന്ധിയില്ലാത്ത ഒരു പോരാട്ടം വേണം; ഇതു കാലഘട്ടത്തിന്റെ അനിവാര്യത

കേരളത്തില്‍ എസ്എന്‍ഡിപിയെ കൂട്ടുപിടിച്ചു അധികാരത്തില്‍ എത്താമെന്ന ആര്‍എസ്എസിന്റ സ്വപ്നത്തിന് കനത്ത തിരിച്ചടിയാണ് ഏറ്റത്. കേരളത്തിലെ ബിജെപിയുടെ നേതാക്കളെക്കൊണ്ട് സംസ്ഥാനത്ത് അധികാരത്തില്‍ കയറിക്കൂടാമെന്ന മോഹം പൊലിഞ്ഞതോടെയാണ് ആര്‍എസ്എസ് പുതിയ വഴി തേടിയത്. മോഡി – അമിത്ഷാ കൂട്ടു കെട്ടിനെ ഇതിനായി ആര്‍എസ്എസ് നിയോഗിക്കുകയായിരുന്നു. എസ്എന്‍ഡിപി, വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിഎസ്ഡിപി തുടങ്ങിയ ജാതി സംഘടനകളെ ചാക്കിലാക്കാന്‍ മോഡി – അമിത്ഷാ കൂട്ടുകെട്ടിനു കഴിഞ്ഞുവെങ്കിലും സിപിഐഎമ്മിന്റെ ശക്തമായ ഇടപ്പെടലിനെത്തുടര്‍ന്ന് എല്ലാം തകിടം മറിഞ്ഞു. ജാതി സംഘടനകളെ കൂട്ടുപിടിച്ച് സംസ്ഥാനത്തു വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുളള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ ആര്‍എസ്എസ് നടത്തിയ നീക്കമാണ് സിപിഎം പൊളിച്ചത്. ബിജെപി, ആര്‍എസ്എസ് -എസ്എന്‍ഡിപി ബാന്ധവം യാഥാര്‍ഥ്യമായാല്‍ ഹിന്ദു – മുസ്ലിം – ക്രൈസ്തവ ഐക്യത്തിനു വിളല്‍ വീഴുമെന്നും അതുവഴി സംസ്ഥാനത്തെ ക്രമസമാധാനം തകരുമെന്നും മുന്‍കൂട്ടി മനസിലാക്കിയ ഇടതുപക്ഷം ആര്‍എസ്എസിന്റെ നീക്കത്തിനെതിരെ ശക്തമായ നിലപാട് എടുത്തു. വിഎസ് അച്യുതാനന്ദനും, കോടിയേരി ബാലകൃഷ്ണനും, പിണറായി വിജയനും, കാനം രാജേന്ദ്രനടക്കമുളള കമ്യൂണിസ്റ്റുകാര്‍ എസ്എന്‍ഡിപിക്കെതിരെ ആഞ്ഞടിച്ചു. കേരള മണ്ണിനെ വര്‍ഗീയവത്കരിക്കാന്‍ ആര്‍എസ്എസ്, ബിജെപി കൂട്ടുകെട്ടിന് ഒപ്പം ചേര്‍ന്ന എസ്എന്‍ഡിപിക്കെതിരെ ഈ നേതാക്കള്‍ പട നയിച്ചു.

ശ്രീ നാരായണ ഗുരുവിന്റെ ആശയ ആദര്‍ശങ്ങളെ ആര്‍എസ്എസിന്റെ ആലയത്തില്‍ കെട്ടാനുളള എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെയും മകന്‍ തുഷാര്‍ വെളളാപ്പളളിയുടെയും ശ്രമങ്ങളെ മതേതര കേരളം ശക്തിയായി എതിര്‍ത്തു. സാംസ്‌കാരിക നായകന്‍മാരും എഴുത്തുകാരും കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഒപ്പം പ്രതികരിച്ചു തുടങ്ങി. നിര്‍ഭാഗ്യമെന്നു പറയട്ടെ വലതുപക്ഷത്തുനിന്നു കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നില്ല. ജാതീയ സംഘടനകളെ കൂട്ടുപിടിച്ച് ജനങ്ങളെ ചേരി തിരിക്കാനുളള ആര്‍എസ്എസ്, ബിജെപി ശ്രമങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് മടിച്ചു. തുടക്കത്തില്‍ മിണ്ടാതിരുന്ന വിഎം സുധീരന്‍ വാ തുറന്നു. സുധീരനും, ആന്റണിയും പ്രതികരണങ്ങളുമായി രംഗത്തുവന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൗനത്തില്‍ ഇവരുടെ അലിഞ്ഞ് ഇല്ലാതായി. ഉമ്മന്‍ചാണ്ടിയുടെ മൗനത്തില്‍ കോണ്‍ഗ്രസിനകത്ത് പ്രതിഷേധം പുകഞ്ഞു. അവസാനം മൗനവൃതം വെടിഞ്ഞ് ഉമ്മന്‍ചാണ്ടി ചിലതു മാധ്യമങ്ങളോടു പറഞ്ഞു.

സിപിഐഎമ്മിന്റെ ശക്തമായ ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയാതെ ബിജെപി, എസ്എന്‍ഡിപി നേതാക്കള്‍ കുഴങ്ങി. വെളളാപ്പളളി നശേന്‍ ഒരോ ദിവസവും മലക്കം മറിഞ്ഞു കൊണ്ടിരുന്നു. ഒരു ഭാഗത്ത് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയും, പുറത്തുവന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇഴവ ഐക്യത്തെക്കുറിച്ച് പുലമ്പുകയും ചെയ്ത വെളളാപ്പളളി അവസാനം മൂന്നാംമുന്നണിയെ കുറിച്ചു സംസാരിച്ചു തുടങ്ങി. കോടികളുടെ അഴിമതിക്കഥകളും, ശാശ്വതീകാന്ദയുടെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും പുറത്തുവന്നതോടെ ബിജെപി ആര്‍എസ്എസ്, എസ്എന്‍ഡിപി ബാന്ധവത്തിന് അന്ത്യമായി. ബിജെപി, ആര്‍എസ്എസ് വര്‍ഗീയ ശക്തികളുടെ മൂന്നാം മുന്നണി ഗര്‍ഭാവസ്ഥയില്‍ തന്നെ ചാപിളയായി മാറി.

മതേതര മണ്ണ് സംരക്ഷിക്കാന്‍ വര്‍ഗീയതയുമായി സന്ധിയില്ലാത്ത ഒരു പോരാട്ടമാണ് സിപിഐഎം കേരളത്തില്‍ നടത്തിയത്. വര്‍ഗീയതക്കെതിരായ ചെറുത്തു നില്‍പ്പിനു ശക്തിപകരാന്‍ മതേതര പാര്‍ട്ടികളും വ്യക്തികളും പൊതു സമൂഹവും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News