കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നു സോഫ്റ്റ്‌വേര്‍ എന്‍ജിനീയറിംഗില്‍ ബിരുദം, സൗത്ത് ഓസ്‌ട്രേലിയ സര്‍വകലാശാലയില്‍നിന്നു മാസ്റ്റര്‍ ബിരുദം, അഞ്ചുവര്‍ഷമായി അഡ്‌ലൈഡിലെ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ഏഴക്കശമ്പളത്തില്‍ ജോലി… പക്ഷേ, ഇതുകൊണ്ടൊന്നും ജീവിതത്തിന്റെ സന്തോഷങ്ങളിലേക്കെത്താന്‍ കോയമ്പത്തൂരുകാരന്‍ സുരേഷ് ബാബുവിനു കഴിഞ്ഞില്ല. ലീവെടുത്തു നാട്ടില്‍ പോരാനായിരുന്നു സുരേഷ് ബാബുവിന്റെ തീരുമാനം. നാട്ടിലെത്തിയ സുരേഷ് ബാബുവിനെ ആകര്‍ഷിച്ചതാകട്ടെ പച്ചപ്പണിഞ്ഞ പാടങ്ങളും തോട്ടങ്ങളും. .
നിലമുഴുതു മറിക്കുന്ന അച്ഛനെയും മുത്തച്ഛനെയും അമ്മാവന്‍മാരെയും കണ്ടു വളര്‍ന്ന സുരേഷ്ബാബുവിന് കൃഷിയിടത്തിലേക്കിറങ്ങാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് ഇവരെ സഹായിക്കാന്‍ പാടത്തിറങ്ങിയിരുന്നെങ്കിലും കൃഷി തൊഴിലാക്കുന്നതിനെക്കുറിച്ചു സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ല. പഠനം കഴിഞ്ഞപ്പോള്‍ സഹപാഠികളെപ്പോലെ ഐടി മേഖല തെരഞ്ഞെടുക്കുകയായിരുന്നു സുരേഷ് ബാബുവും.
തുടക്കത്തില്‍ തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായതിന്റെ സന്തോഷമുണ്ടായിരുന്നെന്നും വിദേശരാജ്യത്തു സ്ഥിരതാമസവും പൗരത്വവും ലഭിച്ചതിന്റെ തൃപ്തിയുമൊക്കെയുണ്ടായിരുന്നെങ്കിലും വൈകാതെ അതൊക്കെ തെറ്റായിരുന്നെന്നു തിരിച്ചറിയുകയായിരുന്നുവെന്ന് സുരേഷ് ബാബു തന്നെ പറയുന്നു. ഓസ്‌ട്രേലിയന്‍ പൗരത്വം എടുത്തതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നുവെന്നും സുരേഷ് ബാബുവിന്റെ വാക്കുകള്‍.
തുടര്‍ന്ന് ഒന്നുമാലോചിച്ചില്ല. അവധിയെടുത്തു നേരെ നാട്ടിലേക്കു പറന്നു. നാട്ടിലെത്തി കുറച്ചുനാളുകള്‍ക്കുള്ളില്‍ പരിസരവാസികളായ കര്‍ഷകരുമായി സുരേഷ് ബാബു കൂടിക്കാഴ്ച നടത്തി. അവരുടെ പണിരീതികള്‍ കണ്ടു മനസിലാക്കി. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയിലെത്തി പുതിയ കൃഷിരീതികളെക്കുറിച്ചും പഠിച്ചു. തുടര്‍ന്ന് പ്രകൃതി സുന്ദരമായ മരുതമലയില്‍ കുറച്ചു ഭൂമി വാങ്ങി സുരേഷ്ബാബു കൃഷിയിലേക്കിറങ്ങുകയായിരുന്നു.
ഇവിടെത്തന്നെ സുരേഷ് ബാബുവിന്റെ പിതാവിന്റെ പേരില്‍ കുറച്ചു സ്ഥലമുണ്ടായിരുന്നു. കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണിത്. ഇലക്ട്രിക് വേലി കെട്ടാന്‍ വൈദ്യൂതിയും ലഭ്യമായിരുന്നില്ല. ഇതുകൊണ്ടൊന്നും പിന്‍മാറാന്‍ പക്ഷേ, സുരേഷ് ബാബുവിന് മനസു വന്നില്ല. സൗരോര്‍ജം ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിപ്പിച്ച് വൈദ്യുതി വേലിയും വെള്ളമെത്തിക്കാനുള്ള പമ്പും സ്ഥാപിച്ചാണ് പ്രതിസന്ധി സുരേഷ് ബാബു തരണം ചെയ്തത്.
കമുകും നേന്ത്രവാഴയുമാണ് ആദ്യം കൃഷി ചെയ്തത്. ജൈവകൃഷി രീതികളാണ് അനുവര്‍ത്തിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഗോമൂത്രവും വേപ്പിലയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതമാണ് കീടനാശിനിയായി തളിച്ചത്. തൊട്ടടുത്തു തന്നെ പിതാവ് പശുഫാം നടത്തിയിരുന്നതിനാല്‍ ഗോമൂത്രത്തിനും ബുദ്ധിമുട്ടുണ്ടായില്ല. അടുത്തുള്ള മാര്‍ക്കറ്റില്‍നിന്നു മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുവന്നു സംസ്‌കരിച്ച് വളവും നിര്‍മിച്ചു. വെള്ളം സംരക്ഷിക്കാനായി ഡിപ്പി ഇറിഗേഷന്‍ സംവിധാനവും സ്ഥാപിച്ചതോടെ പുതിയൊരു കൃഷിയിടമായി.
മുഴുവന്‍ സമയ കൃഷിക്കാരനായതോടെ 32 വയസുകാനായ സുരേഷ് ബാബു ഇത്രനാളില്ലാത്ത ആഹ്ലാദം ആസ്വദിക്കുകയാണിപ്പോള്‍. അടുത്തിടെ ചെന്നൈയിലെ ഫാര്‍മേഴ്‌സ് കളക്ടീവ് മികച്ച യുവകര്‍ഷകനായി തെരഞ്ഞെടുക്കുകയും ചെയ്തു.
കൃഷി ഉദാത്തമായ തൊഴിലാണെന്നും അഭിമാനത്തോടെ താനൊരു കര്‍ഷകനാണെന്നു പറയാന്‍ തയാറകണമെന്നുമാണ് സുരേഷ്ബാബു യുവതലമുറയ്ക്കു നല്‍കുന്ന സന്ദേശം. കൃഷിയിലേക്കിറങ്ങാന്‍ പണം അനിവാര്യമായ കാര്യമാണ്. അതിനുമുണ്ട് സുരേഷിന് ഉപായം. പഠനം കഴിഞ്ഞയുടന്‍ ജോലി കണ്ടെത്തി കുറച്ചുകാലം സമ്പാദിക്കുക. ഈ സമ്പാദ്യത്തില്‍നിന്ന് ഒരു പങ്ക് കൃഷിക്കായി മാറ്റിവയ്ക്കുക. വായ്പ ലഭിക്കുമെങ്കിലും അതത്ര സുരക്ഷിതമായ മാര്‍ഗമല്ലെന്നാണ് സുരേഷ്ബാബുവിന്റെ അഭിപ്രായം. എന്ത് കൃഷിചെയ്യുന്നു എന്നതും പ്രധാനപ്പെട്ടകാര്യമാണ്. എല്ലാവരും കൃഷിചെയ്യുന്നതു ചെയ്യുക എന്നല്ല ഇതിന്റെ അര്‍ഥം. ഇക്കാര്യത്തില്‍ ഉപദേശം തരാന്‍ സര്‍ക്കാരുകളും കാര്‍ഷിക സര്‍വകലാശാലയുമുണ്ട്. തനിക്ക് ധൈര്യം പകര്‍ന്നത് അവരാണെന്നും സുരേഷ്ബാബു പറയുന്നു.
(കടപ്പാട്: www.thenewsminute.com)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here