റാഫിയുടെ ഇരട്ട ഗോളിനും ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാനായില്ല; പൂനെയുടെ ജയം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു. ഐഎസ്എല്ലിലെ ഏറ്റവും വേഗമേറിയതടക്കം രണ്ട് ഗോളുകള്‍ മുഹമ്മദ് റാഫിയുടെ പ്രകടനത്തിനും ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാനായില്ല. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.

ഗോളുകള്‍ കൊണ്ട് മുഖരിതമായിരുന്നു ആദ്യ പകുതി. കളിയുടെ ആദ്യ മിനുട്ടില്‍ തന്നെ റാഫി പൂനെയുടെ വല കുലുക്കി. 16-ാം മിനുട്ടില്‍ പൂനെയുടെ കാലു ഉചെ ഗോള്‍ മടക്കി. 23-ാം മിനുട്ടില്‍ ഉചെയുടെ തന്നെ ഗോളിലൂടെ പൂനെ മുന്നിലെത്തി. പക്ഷേ പൂനെയുടെ സന്തോഷം അധികം നീണ്ടുനിന്നില്ല. 30-ാം മിനുട്ടില്‍ റാഫി ഗോള്‍ മടക്കി. ഇരട്ട ഗോള്‍ നേട്ടത്തോടെ റാഫിയുടെ രണ്ടാം സീസണിലെ ആകെ ഗോള്‍ നേട്ടം നാലായി ഉയര്‍ന്നു. ആദ്യ പകുതിയില്‍ സ്‌കോര്‍ 2-2. രണ്ടാം പകുതിയില്‍ പൂനെ മൂന്നാം ഗോള്‍ നേടി വീണ്ടും മുന്നിലെത്തി. കളിയുടെ 72ാം മിനുട്ടില്‍ തുന്‍സി സാന്‍ലിയാണ് ഗോള്‍ നേടിയത്. ഇതോടെ സമനിലയെങ്കിലും ആശിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. എന്നാല്‍ നിരാശയായിരുന്നു ഫലം.

തുര്‍ച്ചയായ മൂന്നു തോല്‍വികളുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയം അനിവാര്യമായിരുന്നു. ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തത് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതുവരെയുള്ള നേട്ടം. മുംബൈയുമായി സമനില നേടിയതാണ് മറ്റൊരു ആശ്വാസം. കൊല്‍ക്കത്ത, ഗോവ, ഡല്‍ഹി ടീമുകളോടും തുടര്‍ച്ചയായി ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ഇതോടെ നാലു തോല്‍വികളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.

കളിച്ച ആറില്‍ നാലെണ്ണവും ജയിച്ച പൂനെ സിറ്റി എഫ്‌സിയാണ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത്. 12 പോയിന്റാണ് അവരുടെ സമ്പാദ്യം. എഫ്‌സി ഗോവ രണ്ടാമതാണ്. ആറ് മത്സരങ്ങളില്‍ നാലെണ്ണം തോറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തെത്തി. ഒരു ജയവും ഒരു സമനിലയും ഉള്‍പ്പടെ നാല് പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. ശനിയാഴ്ച കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. കൊച്ചിയില്‍ ജയിച്ചാല്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിന്‍ എഫ്‌സിയ്ക്ക് പോയിന്റ് നിലയില്‍ മുന്നേറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News