ദില്ലി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണമെന്ന് സുപ്രീം കോടതി. മെരിറ്റ് മാത്രമായിരിക്കണം പ്രവേശനത്തിന് മാനദണ്ഡമെന്നും ദേശീയ താല്‍പര്യത്തിന് മുന്‍ഗണന നല്‍കണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പി സി പന്ത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ട് 28 വര്‍ഷമായിട്ടും ചില ആനുകൂല്യങ്ങള്‍ക്കു മാറ്റം വരാത്തത് ദുഃഖകരമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. സംവരണം നീക്കം ചെയ്യേണ്ടത് ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ അനിവാര്യമാണ്. ഇതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഉന്നത കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

ഈ സംസ്ഥാനങ്ങളില്‍ ജനിച്ചതോ സ്ഥിരതാമസമായതോ ആയ വിദ്യാര്‍ഥികള്‍ക്കു സംവരണം നല്‍കുന്നതിനെതിനെതിരെയാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തു നിലവാരം വേണമെങ്കില്‍ മെരിറ്റുള്ളവര്‍ കോഴ്‌സുകളില്‍ വരണമെന്നും കോടതി ചൂണ്ടിക്കാട്ടി. സംവരണം അര്‍ഹരായ മിടുക്കുള്ളി വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.