ബീഫ് റെയ്ഡ്; ദില്ലി പൊലീസ് മര്യാദയുടെ സീമ ലംഘിച്ചെന്നു മുഖ്യമന്ത്രി; തെറ്റു തിരുത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകും

തിരുവനന്തപുരം: കേരള ഹൗസില്‍ ബീഫിനായി ദില്ലി പൊലീസ് നടത്തിയ റെയ്ഡിനെ പൂര്‍ണമായി തള്ളിക്കളയുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജ്യത്തെ നിയമം എല്ലാവര്‍ക്കും ബാധകമാണ്. അതു കേരളം പാലിക്കുന്നുണ്ടെന്നും ബീഫ് നിരോധിക്കാത്തിടത്തോളം കാരണം ഇനിയും വിളമ്പുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബീഫ് റെയ്ഡ് വിവാദമാവുകയും മാധ്യമപ്രവര്‍ത്തകര്‍ അടക്കം പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു രണ്ടു ദിവസം കഴിഞ്ഞാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

ദില്ലി പൊലീസിന്റെ നിലപാടിനെ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയണം. നടപടി ഫെഡറല്‍ സംവിധാനത്തിന് ആഘാതമേല്‍പിക്കുന്നതാണ്. ഇതൊരു പരിശോധനമാത്രമായിരുന്നില്ല. ഭീതി ജനിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. തെറ്റു തിരുത്തുമെന്നാണ് പ്രതീക്ഷ.

തെറ്റു ചെയ്തിട്ടില്ല, നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നാണ് ദില്ലി പൊലീസ് നിലപാടെടുത്താല്‍ കേരളം നിയമനടപടികളുമായി മുന്നോട്ടു പോകും. ദില്ലി ആനിമല്‍ ഹസ്ബന്ററി ഡയറക്ടറോ വെറ്ററിനറി ഓഫീസറോ ആണ് പരിശോധന നടത്തേണ്ടത്. പൊലീസ് നടത്തിയത് നിയമലംഘനമാണ്. ന്യായീകരിക്കാനാണ് കേന്ദ്രം തീരുമാനിക്കുന്നതെങ്കില്‍ കേരളം നോക്കിയിരിക്കില്ല. ദില്ലി പൊലീസ് നടപടി ആരെയൊക്കെയോ തൃപ്തിപ്പെടുത്താനാണെന്നു കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here