സർക്കാരിന് തിരിച്ചടി; വിജിലൻസ് വാദങ്ങൾ കോടതി തള്ളി; ബാർ കോഴക്കേസിൽ മാണിക്കെതിരെ തുടരന്വേഷണം

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്തമെന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നിർദ്ദേശിച്ചു. അന്വേഷണത്തിൽ ഇടപെടാൻ വിജിലൻസ് ഡയറക്ടർക്ക് അധികാരമില്ലെന്നും മാണിക്കെതിരെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

മാണിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് തെളിവ് ലഭിച്ചില്ലെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി ജോൺ കെ. ഇല്ലിക്കാടനാണ് നിർണായക വിധി പ്രസ്താവിച്ചത്. എസ്പി സുകേശൻ തന്നെ കേസ് തുടരന്വേഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

അതേസമയം, കോടതി വിധിയോട് പ്രതികരിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയ്യാറായില്ല. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ പറഞ്ഞു.

മന്ത്രി കെഎം മാണിയെ കുറ്റവിമുക്തൻ ആക്കിയ വിജിലൻസ് നടപടി തള്ളണം എന്നാവശ്യപ്പെട്ടുള്ള 11 ഹർജികളാണ് കോടതിയുടെ മുന്നിലുണ്ടായിരുന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ, ബിജു രമേശ്, വിഎസ് സുനിൽ കുമാർ എംഎൽഎ തുടങ്ങിയവരാണ് ഹർജികൾ നൽകിയത്. ഈ മാസം അഞ്ചിനാണ് ഹർജികളിൽ വാദം പൂർത്തിയായത്. തുടർന്ന് കേസ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജി ജോൺ ഇല്ലിക്കാടനാണ് വിധിപറഞ്ഞത്.

കേസിൽ മാണി കോഴ വാങ്ങിയതിന് മതിയായ തെളിവ് ഉണ്ടെന്നാണ് വസ്തുതാ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ ഇതിന് വിരുദ്ധ സമീപനമാണ് അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിച്ചത്. മാണിക്കെതിരെ മതിയായ തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ പറയുന്നു. മേലുദ്യോഗസ്ഥരുടെ ഇടപെടൽ മൂലമാണ് അന്വേഷണ ഉദ്യോഗസ്ഥൻ കെഎം മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട് കോടതിയിൽ നൽകിയത് എന്ന് ആക്ഷപമുയർന്നിരുന്നു.

വസ്തുതാ റിപ്പോർട്ടിൽ പോരായ്മ ഉണ്ടെന്ന് കണ്ടെത്തിയാൽ തുടരന്വേഷണത്തിനായിരുന്നു വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നുത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിമർശിയ്ക്കുകയാണ് വിജിലൻസ് ഡയറക്ടർ ചെയ്തത്. ഇത് ചെയ്യാനുള്ള വിജിലൻസ് ഡയറക്ടറുടെ അധികാരത്തെ ഹർജിക്കാർ ചോദ്യം ചെയ്യുന്നു. ഏത് നിയമത്തിന്റെ പിൻബലത്തിലാണ് ഡയറക്ടർ സ്വകാര്യ വ്യക്തികളിൽ നിന്നും നിയമോപദേശം തേടിയതെന്നും ഹർജിക്കാർ ചോദിക്കുന്നു. അതിനാൽ അന്തിമ റിപ്പോർട്ട് അംഗീകരിക്കരുതെന്നും ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News