ബാര്‍ കോഴക്കേസ് മുങ്ങിപ്പോകാതിരുന്നത് സുകേശന്റെ സത്യസന്ധതയുടെ ഫലം; സമ്മര്‍ദങ്ങളില്‍ ആത്മഹത്യയെക്കുറിച്ചു വരെ സുകേശന് ഇത് അഭിമാനനിമിഷം

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കു മേല്‍ കോടതിയുടെ കുരുക്കു മുറുകിയപ്പോള്‍ ശ്രദ്ധേയമാകുന്നത് വിജിലന്‍സ് എസ് പി ആര്‍ സുകേശന്റെ ഇടപെടല്‍. ബാര്‍ ഉടമകളില്‍നിന്നു മാണി കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണം അട്ടിമറിക്കാനും ക്ലീന്‍ ചിറ്റ് നല്‍കാനും സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ശ്രമങ്ങള്‍ക്കു തിരിച്ചടിയായത് സുകേശന്റെ റിപ്പോര്‍ട്ടായിരുന്നു. കെ എം മാണി പണം വാങ്ങിയതിന് വ്യക്തമായ തെളിവുണ്ടെന്നും ശാസ്ത്രീയ പരിശോധനകള്‍ അതുറപ്പിക്കുന്നുണ്ടെന്നും സുകേശന്റെ വസ്തുതാ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കോടതി മുഖവിലയ്‌ക്കെടുത്തതും ഇതു തന്നെയാണ്.

കൈരളി പീപ്പിള്‍ ചാനലിന്റെ ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയില്‍ ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തല്‍ അട്ടിമറിക്കാന്‍ ഭരണതലത്തില്‍ ശക്തമായ നീക്കങ്ങളാണ് നടന്നത്. കെ എം മാണിയുടെ പങ്ക് വ്യക്തമാണെന്ന സാക്ഷിമൊഴികളും ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലമുണ്ടായിട്ടും കേസില്‍ കഴമ്പില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. മാണിയുടെ പങ്കു വ്യക്തമാക്കി സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി വിജിലന്‍സ് ഡയറക്ടര്‍ നേരിട്ടു കോടതിയിലെത്താനുള്ള സാഹചര്യവുമുണ്ടായി.

തെളിവുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ വാദങ്ങള്‍ തള്ളിയാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ കോടതിയെ സമീപിച്ചത്. അതേസമയം, കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളെ ജാഗ്രതയോടെ കോടതി ചെറുത്തുനിന്നതു സുകേശന്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. സ്വകാര്യ അഭിഭാഷകരില്‍നിന്നു നിയമോപദേശം തേടി കേസില്‍ കഴമ്പില്ലെന്നു വാദിച്ച സര്‍ക്കാര്‍ കോടതിയില്‍ പ്രതിരോധത്തിലായതും സുകേശന്റെ റിപ്പോര്‍ട്ടിലെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്.

സുകേശനെ കേസില്‍നിന്നു മാറ്റി നിര്‍ത്തിയതിനെ കോടതി ചോദ്യം ചെയ്തതും അന്വേഷണത്തിലെ സത്യസന്ധതയുടെ അടിസ്ഥാനത്തിലായിരുന്നു. കേസ് അന്വേഷണത്തിന്റെ സമയത്തു താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചിട്ടുണ്ടെന്നും സുകേശന്‍ പീപ്പിള്‍ ടിവിയോടു വെളിപ്പെടുത്തിയിരുന്നു. അത്രയ്ക്കധികം പ്രതിസന്ധികളെ അതിജീവിച്ചാണ് സുകേശന്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മാണി കുടുങ്ങുമെന്ന ഘട്ടം വന്നപ്പോള്‍ സര്‍ക്കാര്‍ തന്ത്രപരമായി അട്ടിമറിക്കുകയായിരുന്നു. ഇതിനായി സുകേശന്റെ ഭൂതകാലത്തെക്കുറിച്ചും വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ചും വരെ അവഹേളനപരമായ പരാമര്‍ശങ്ങളും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയില്‍ നടത്തിയിരുന്നു.

വസ്തുതകളില്‍ ഉറച്ചുനിന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ധൈര്യവും സത്യസന്ധതയുമാണ് ബാര്‍ കോഴക്കേസിന്റെ ഈ ഘട്ടത്തില്‍ നിര്‍ണായകമാകുന്നത്. പി ആര്‍ സുകേശന്‍ എന്ന ഉദ്യോഗസ്ഥന്‍ സമ്മര്‍ദങ്ങള്‍ക്കു വഴിപ്പെടുകയോ അദ്ദേഹം തന്നെ പറഞ്ഞതു പോലെ ആത്മഹത്യ ചെയ്യുകയോ ചെയ്തിരുന്നെങ്കില്‍ സര്‍ക്കാര്‍ തയാറാക്കിയ തിരക്കഥ പോലെ കാര്യങ്ങള്‍ മുന്നോട്ടു പോവുകയും ബാര്‍ കോഴക്കേസ് കേരളത്തിലെ അനവധി നിരവധി തുമ്പില്ലാത്ത കേസുകളില്‍ ഒന്നായി അവസാനിക്കുകയും ചെയ്യുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here