സംഘഭീകരത ബാര്‍ബര്‍ഷാപ്പിലേക്കും; ‘ഹിന്ദുക്കള്‍ മുടിവെട്ടാത്ത’ ചൊവ്വാഴ്ച കടതുറന്ന ബാര്‍ബര്‍ക്കു മര്‍ദനം; നെല്ലിയാടിയില്‍ സംഘര്‍ഷവും കൊള്ളിവയ്പും

മംഗലാപുരം: ഹിന്ദുവിശ്വാസത്തിന് എതിരാണെന്നു കാട്ടി ചൊവ്വാഴ്ച ബാര്‍ബര്‍ഷാപ്പ് തുറന്ന മുസ്ലിം യുവാവിന് മര്‍ദനം. അക്രമത്തെത്തുടര്‍ന്ന് മംഗലാപുരത്തിന് അടുത്തു നെല്ലിയാടിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും കൊള്ളിവയ്പും. ചൊവ്വാഴ്ച തുറന്ന ബാര്‍ബര്‍ ഷാപ്പ് അടയ്ക്കാന്‍ കൂട്ടാക്കാതിരുന്ന സല്‍മാന്‍ എന്ന യുവാവിനെയാണ് ഒരു സംഘം ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതും കട അടിച്ചു തകര്‍ത്തതും.

ചൊവ്വാഴ്ച മുടിവെട്ടുന്നത് ഹിന്ദു വിശ്വാസത്തിന് എതിരാണെന്നും അതുകൊണ്ട് അന്നു ബാര്‍ബര്‍ഷാപ്പ് തുറക്കാതിരിക്കുന്നതു വര്‍ഷങ്ങളായുള്ള കീഴ് വഴക്കമാണെന്നും ഇതു ലംഘിച്ചതാണ് അക്രമം നടത്താന്‍ കാരണമെന്നും ബജ് രംഗ്ദള്‍ നേതാവ് രവി ബല്ല്യ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു. ചൊവ്വാഴ്ച ബാര്‍ബര്‍ ഷാപ്പ് തുറക്കരുതെന്നു പറഞ്ഞ അസോസിയേഷന്‍ നേതാവ് ഉദയ് കുമാറിനെ സല്‍മാന്‍ മര്‍ദിച്ചെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പ്രദേശത്തെ ഹിന്ദുക്കള്‍ സല്‍മാനെ അക്രമിച്ചതെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് തുക്രപ്പ ഷെട്ടി പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. ഉച്ചയോടെ ഉദയ്കുമാറും സംഘവും എത്തി സല്‍മാനോട് കടയടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു സല്‍മാന്‍ തയാറായില്ല. തുടര്‍ന്ന് നാലുമണിയോടെ ഒരു സംഘം ആളുകള്‍ എത്തി കട അടിച്ചു തകര്‍ക്കുകയും സല്‍മാനെ തല്ലുകയുമായിരുന്നു. നെല്ലിയാടി ജുമാ മസ്ജിദ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റു ചില മുസ്ലിം വിശ്വാസികളുടെ കടകള്‍ക്കു നേരെയും അക്രമമുണ്ടായി. ഇതേത്തുടര്‍ന്നു, മുസ്ലിം വിഭാഗക്കാരും അക്രമവുമായി നിരത്തിലിറങ്ങുകയായിരുന്നു.

നിരവധി കടകള്‍ക്ക് ഇരുവിഭാഗവും തീയിട്ടു. പൊലീസ് പല തവണ ലാത്തിച്ചാര്‍ജ് ചെയ്തു. ഇരു വിഭാഗങ്ങളില്‍നിന്നും ഒമ്പതു പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിശാനിയമം പ്രഖ്യാപിച്ചു. കര്‍ണാടക തീരത്തെ പ്രദേശമാണ് നെല്ലിയാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News