ബാർ കോഴക്കേസിൽ സർക്കാർ ഇന്ന് അപ്പീൽ നൽകും; 101 തവണ അന്വേഷണം നേരിടാമെന്ന് പറഞ്ഞ മാണിയെന്തിന് അപ്പീൽ നൽകുന്നുവെന്ന് കോടിയേരി; മാണിയുടെ പൊതുപരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ അപ്പീൽ നൽകാനുള്ള സർക്കാർ ശ്രമം പരിഹാസ്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 101 തവണ അന്വേഷണം നേരിടാമെന്ന് പറഞ്ഞ മന്ത്രി കെഎം മാണിയെന്തിന് അപ്പീൽ നൽകുന്നു. മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ ഗവർണർ ഇടപെട്ട് മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. അഴിമതി നിരോധനനിയമം ഉമ്മൻചാണ്ടി സർക്കാർ പിച്ചിചീന്തിയെന്നും കോടിയേരി പറഞ്ഞു. വിജിലൻസ് കേസിൽ പ്രതിയായാൽ സസ്‌പെൻഡ് ചെയ്യാറുണ്ടെന്നും മാണിയുടെ കാര്യത്തിൽ രണ്ടു നീതിയാണ് നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

അതേസമയം, മാണി പങ്കെടുക്കേണ്ടിയിരുന്ന നാലു പൊതുപരിപാടികൾ റദ്ദാക്കി. ഇടുക്കി ജില്ലയിലെ പരിപാടികളാണ് പ്രതിഷേധം ഭയന്ന് റദ്ദാക്കിയത്.

കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിധിക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകാനാണ് സർക്കാർ നീക്കം. തുടരന്വേഷണം നടത്താൻ നിർദ്ദേശം നൽകിയ കോടതി വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുക. വിജിലൻസ് ഡയറക്ടർക്ക് എതിരായ പരാമർശം നീക്കണമെന്നും സർക്കാർ ആവശ്യപ്പെടും.

കേസിൽ വിജിലൻസ് ഡയറക്ടർ ഇടപെട്ടതിൽ തെറ്റില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കുറ്റപത്രം സമർപ്പിക്കും മുമ്പേ പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടെന്ന് പറഞ്ഞത് തെറ്റാണെന്നും സർക്കാർ കോടതിയെ അറിയിക്കും. സർക്കാരിന് വേണ്ടി വിജിലൻസ് ആവും ഹൈക്കോടതിയെ സമീപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News