ബാര്‍ കോഴ വിധിയില്‍ റിവ്യൂ ഹര്‍ജി ഇന്നില്ല; തിരക്കിട്ടുവേണ്ടെന്ന് നിയമോപദേശം; അന്വേഷണത്തില്‍നിന്ന് സുകേശനെ മാറ്റാന്‍ നീക്കം

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ ആരോപണങ്ങള്‍ ശരിവച്ചു വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ ഇന്നു പുനപരിശോധനാ ഹര്‍ജി നല്‍കില്ല. വിധിന്യായത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി നല്‍കാനായിരുന്നു നീക്കം. എന്നാല്‍, തിരക്കിട്ടു റിവ്യൂ ഹര്‍ജി നല്‍കേണ്ടെന്നു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്. മാണിക്കായി സര്‍ക്കാരും അപ്പീല്‍ നല്‍കില്ല

ബാര്‍കോഴ വിധിക്കെതിരേ കെ എം മാണി സ്വന്തം നിലയ്ക്കും അപ്പീല്‍ നല്‍കില്ല. കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നും താന്‍ അങ്ങനെയൊരു ആളല്ലെന്നും മാണി പ്രതികരിച്ചു. പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ക്കേണ്ട സാഹചര്യമില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ഇടയ്ക്കു ചേരാറുണ്ട്. ഉചിതമായ സമയത്ത് യോഗം പാര്‍ട്ടി ചെയര്‍മാന്‍ വിളിച്ചു ചേര്‍ക്കുമെന്നും മാണി പറഞ്ഞു. അതേസമയം, പാര്‍ട്ടി ഉന്നതാധികാര സമിതി വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് പി സി ജോസഫ് രംഗത്തെത്തിയിട്ടുണ്ട്.

മാണിക്കെതിരായി കോടതി പ്രഖ്യാപിച്ച തുടരന്വേഷണച്ചുമതല എസ് പി ആര്‍ സുകേശനില്‍നിന്നു മാറ്റിയേക്കുമെന്ന സൂചനയാണ് പുതിയതായി ലഭിക്കുന്നത്. കോടതിയുടെ വിധിന്യായത്തില്‍ സുകേശനെത്തന്നെ അന്വേഷണം ഏല്‍പിക്കണമെന്നു പറയുന്നില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥനു ചുമതല നല്‍കണമെന്നു മാത്രമാണ് പറയുന്നത്, അതേ ഉദ്യോഗസ്ഥനു നല്‍കണമെന്നു പറയുന്നില്ലെന്നു കേരള കോണ്‍ഗ്രസ് വാദിക്കുന്നു.

സുകേശനെ അന്വേഷണച്ചുമതലയില്‍നിന്നു മാറ്റി നിര്‍ത്തുകയാണെങ്കില്‍ അത് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമാണെന്നു സംശയിക്കേണ്ടിവരും. നേരത്തെ, ബാര്‍ കോഴ സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ ശേഖരിച്ചതു കോടതിയില്‍ വസ്തുതാ വിവര റിപ്പോര്‍ട്ട് നല്‍കിയതും സുകേശനായിരുന്നു. തുടര്‍ന്ന്, ഈ റിപ്പോര്‍ട്ട് നല്‍കി മാണിയെ കുറ്റവിമുക്തനാക്കണമെന്ന് കാട്ടി വിന്‍സന്‍ പോള്‍ വീണ്ടും റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് കേസ് അലങ്കോലമായത്. ഇതു കോടതി പലവട്ടം ചൂണ്ടിക്കാട്ടി വിജിലന്‍സിനെ വിമര്‍ശിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മാണിക്കെതിരായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥനെ കേരള കോണ്‍ഗ്രസ് തുടരാന്‍ അനുവദിക്കില്ല. ഈ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here