ബാര്‍ കോഴയില്‍ അപ്പീലിന് കേരള കോണ്‍ഗ്രസ് എം; മാണി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ഉമ്മന്‍ചാണ്ടി; കെ പി വിശ്വനാഥനെക്കൊണ്ട് രാജിവപ്പിച്ചത് തന്റെ തെറ്റെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം/തൃശൂര്‍: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടിക്കെതിരേ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അപ്പീലിന് പോകുന്നു. കെ എം മാണി നേരിട്ടല്ലാതെ തൊടുപുഴ സ്വദേശിയായ സണ്ണി ജോസഫാണ് അപ്പീല്‍ നല്‍കുക. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ കേസില്‍ സണ്ണി ജോസഫ് കക്ഷി ചേര്‍ന്നിരുന്നു. മാണിയുടെ വിശ്വസ്തനാണ് സണ്ണി ജോസഫ്.

ഏറെ കൂടിയാലോചനകള്‍ക്കു ശേഷമാണ് അപ്പീല്‍ നല്‍കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അപ്പീലിന് പോകേണ്ടെന്നു തീരുമാനിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി അപ്പീലിനു തീരുമാനിച്ചത്. പുനപരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ വിജിലന്‍സിലും തീരുമാനമായിട്ടില്ല. വിധിന്യായത്തില്‍നിന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് വിജിലന്‍സിന്റെ ആവശ്യം.

അപ്പീലിന് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചില്ലെങ്കില്‍ മാണിക്കു പൂര്‍ണ പിന്തുണ നല്‍കുന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കെ എം മാണി രാജിവയ്‌ക്കേണ്ട ആവശ്യമില്ല. വിന്‍സന്‍ എം പോളിന്റെ ധാര്‍മികതയല്ല മാണിയുടേതെന്നും മുമ്പ് കുറ്റാരോപിതനായതിന്റെ പേരില്‍ കെ പി വിശ്വനാഥനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത് തന്റെ തെറ്റായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്തു മാണിക്കായി അപ്പീല്‍ പോകരുതെന്നും കോഴപ്പണം കൊണ്ടു വേണമെങ്കില്‍ മാണി അപ്പീല്‍ നല്‍കട്ടെയെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here