ദില്ലി: ബീഫ് പ്രമേയമാക്കി ഒരുക്കിയ ഡോക്യുമെന്ററിക്ക് കേന്ദ്ര സർക്കാരിന്റെ പ്രദർശന വിലക്ക്. 12-ാമത് ജീവിക ഹ്രസ്വ ചിത്രമേളയിൽ പ്രദർശിപ്പിക്കാനിരുന്ന ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ എന്ന ചിത്രത്തിനാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അനുമതി നിഷേധിച്ചത്. ഫെസ്റ്റ്‌വലിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വചിത്രമാണിത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർത്ഥികളാണ് ഡോക്യുമെന്ററി നിർമ്മിച്ചത്.
ബീഫ് നിരോധനത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്താണ് ചിത്രത്തിന് അനുമതി നിഷേധിച്ചതെന്നാണ് ഉദ്യോഗസ്ഥർ സംഘാടകർക്ക് നൽകിയ വിശദീകരണം. ചിത്രം പ്രദർശിപ്പിക്കുന്നതിന് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഒന്നോ രണ്ടോ വരികളിൽ ഒതുക്കുന്ന വിശദീകരണങ്ങൾ പരിഗണിച്ച് പ്രദർശനത്തിന് അനുമതി നൽകാൻ കഴിയില്ലെന്നും മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന് അനുമതി നിഷേധിക്കപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച വിവരങ്ങൾ രണ്ടാഴ്ച മുമ്പ് മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നുവെന്നും ഫെസ്റ്റിവലിന് ഒരു ദിവസം മുമ്പാണ് വിലക്ക് സംബന്ധിച്ച നോട്ടീസ് തങ്ങൾക്ക് കിട്ടിയതെന്നും സംഘാടകർ പറയുന്നു.
മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജാതി അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഭക്ഷണവും ജാതീയതയും ഹിന്ദു വിശ്വാസങ്ങളും പ്രമേയമായി വരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post