അമ്മയ്‌ക്കെതിരെ പാടിയാല്‍ അഴിയെണ്ണും; ജയലളിതയ്‌ക്കെതിരെ പാട്ടെഴുതിയ നാടന്‍പാട്ട് കലാകാരന്‍ എസ് കോവനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും സര്‍ക്കാരിന്റെ മദ്യനയത്തെയും വിമര്‍ശിച്ച് ഗാനമെഴുതിയ നാടന്‍ പാട്ട് കലാകാരനെതിരെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. തമിഴ് നാടന്‍പാട്ട് കലാകാരന്‍ എസ് കോവനെതിരെയാണ് സര്‍ക്കാര്‍ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 124എ, 153എ, 505 (1) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. രാജ്യദ്രോഹം, സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എസ് കോവനെതിരെ ചുമത്തിയത്.

തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള 45കാരനായ ഫോക് കലാകാരനാണ് എസ് കോവന്‍. പുലര്‍ച്ചെ 2.30ന് തിരുച്ചിറപ്പള്ളിയ്ക്ക് സമീപം വൊറയൂരിലെ വീട്ടില്‍ നിന്നാണ് എസ് കോവനെ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലുള്ള എസ് കോവനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഡിജിപിയുടെ അടുത്തെത്തിച്ചു. അഭിഭാഷകന് കോവനെ കാണാന്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലുള്ള കോവനെ മോചിപ്പിക്കണം എന്ന് കാട്ടി അഭിഭാഷകന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് കോവന്‍ തമിഴ്‌നാട് സര്‍ക്കാരിനെയും ജയലളിതയെയും വിമര്‍ശിച്ച് രണ്ട് പാട്ടുകള്‍ എഴുതിയത്. മൂട് താസ്മാക് മൂട്, ഊരുക്ക് ഒരു സരയം തുടങ്ങിയവയാണ് നാടന്‍ പാട്ടുകള്‍. വോട്ടുബാങ്ക് ലക്ഷ്യമാക്കി നാടെങ്ങും മദ്യശാലകള്‍ തുറന്നതിനെ എതിര്‍ക്കുന്നതാണ് ആദ്യ ഗാനത്തിന്റെ പ്രമേയം. തെരുവുകളില്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളില്‍ മദ്യശാലകള്‍ അടച്ചു പൂട്ടാനും മദ്യം നശിപ്പിക്കാനും ആഹ്വാനം ചെയ്യുന്നതാണ്. പിന്നോക്ക ജനവിഭാഗങ്ങളെ മദ്യത്തില്‍ മയക്കി രാഷ്ട്രീയ ഉപകരണമാക്കുകയാണ് സര്‍ക്കാരും മുഖ്യമന്ത്രി ജയലളിതയും ചെയ്യുന്നതെന്നും കോവന്‍ പാട്ടുകളിലൂടെ ആരോപിക്കുന്നു.

രണ്ടാമത്തെ ഗാനമായ ഊരുക്ക് ഒരു സരയം ജയലളിതയുടെ പാര്‍ട്ടിയെയും ജയലളിതയുടെ നയങ്ങളെയും നേരിട്ട് ആക്രമിക്കുന്നതാണ്. സാട്ടില്‍ ജനങ്ങള്‍ മദ്യംകുടിച്ച് മരിക്കുമ്പോള്‍ ജയലളിത വസതിയായ പയസ് ഗാര്‍ഡനില്‍ ആഘോഷിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുണ്ടെങ്കിലേ വിദ്യാഭ്യാസം നേടാന്‍ കഴിയൂ എന്ന അവസ്ഥയാണ്. ജയലളിതയുടെ തോഴി ശശികലയുടെ അധീനതയില്‍ ഉള്ളതെന്ന് കരുതുന്ന മദ്യ കമ്പനിയായ മിഡാസിനെയും കോവന്‍ വിമര്‍ശിയ്ക്കുന്നു.

സാമൂഹിക പ്രസക്തിയുള്ള രണ്ട് ഗാനങ്ങളും സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രചരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍എത്തി നില്‍ക്കെ ഇത്തരം ഗാനങ്ങള്‍ പ്രചരിക്കുന്നത് സര്‍ക്കാരിന് ഭീഷണിയാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തെരുവുനാടകങ്ങളുടെ ഭാഗമായി ഗാനങ്ങള്‍ അവതരിപ്പിക്കുന്ന സമയത്ത് പലയിടത്തും പൊലീസ് കോവനെയും സംഘത്തെയും ലാത്തിച്ചാര്‍ജ് ഉള്‍പ്പടെയുള്ള നടപടികളുമായാണ് നേരിട്ടത്.

തമിഴ്‌നാട്ടിലെ പിന്നോക്ക ജനവിഭാഗം ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക സംഘടനയാണ് മക്കള്‍ കാലൈ ഇളക്ക്യ കഴഗം. മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള സാംസ്‌കാരിക സംഘടനയുടെ നേതാവ് കൂടിയാണ് എസ് കോവന്‍. സാമൂഹിക – സാംസ്‌കാരിക വിഷയങ്ങളില്‍ നാടന്‍പാട്ടുകളും നാടകങ്ങളും സംഘടന തെരുവുകള്‍ തോറും അവതരിപ്പിക്കുന്നുണ്ട്.

ജയലളിതയ്‌ക്കെതിരായ എസ് കോവന്റെ രണ്ട് നാടന്‍ പാട്ടുകള്‍ കാണാം

മൂട് തസ്മാക് മൂട്

ഊരുക്ക് ഒരു സരയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News