പ്രവാസികളെ പിഴിയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; വിമാനടിക്കറ്റിന് സെസ് ഏര്‍പ്പെടുത്തും; യാത്രാ നിരക്ക് കുത്തനെ കൂടും

ദില്ലി: യാത്രാ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികള്‍ക്ക് പിന്നാലെ പ്രവാസികളെ പിഴിയാന്‍ കേന്ദ്രസര്‍ക്കാരും ഒരുങ്ങുന്നു. വിദേശയാത്രയ്ക്കുള്ള വിമാനടിക്കറ്റുകള്‍ക്ക് ഉള്‍പ്പെട സെസ് ഏര്‍പ്പടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ടിക്കറ്റ് നിരക്കിന്റെ 2 ശതമാനം സെസ് ഏര്‍പ്പെടുത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം. ദേശീയ വ്യോമയാന നയം പരിഷ്‌കരിക്കുന്നതിന്റെ പേരിലാണ് വിമാനടിക്കറ്റ് നിരക്ക് കൂട്ടാന്‍ വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്.

വിമാനടിക്കറ്റിന് സെസ് ഏര്‍പ്പെടുത്തുക വഴി 1,500 കോടി രൂപ അധികം സമാഹരിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. നയം നിലവില്‍ വരുന്ന ജനുവരി മുതല്‍ യാത്രാനിരക്ക് കൂടും. സെസ് ഏര്‍പ്പെടുത്തുന്നതോടെ തീരുമാനം പ്രതികൂലമായി ബാധിക്കുന്നത് ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളെയാവും. ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് നിരക്കിലും കാര്യമായ വ്യത്യാസമുണ്ടാവും. സെസ് ആഭ്യന്തര യാത്രികര്‍ക്കും ബാധകമാവും. എന്നാല്‍ രാജ്യത്തിനുള്ളില്‍ യാത്ര ചെയ്യുന്നതിന് വിദേശ യാത്രാനിരക്കിനെക്കാള്‍ കുറഞ്ഞതായതിനാല്‍ നീക്കം പ്രതികൂലമാകുന്നത് പ്രവാസികള്‍ക്ക് തന്നെയാണ്.

പ്രാദേശിക തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പണം വിനിയോഗിക്കുമെന്നും പുതിയ വ്യോമയാന നയത്തില്‍ പറയുന്നു. റീജിയണല്‍ കണക്ടിവിറ്റി സ്‌കീം അനുസരിച്ച് റീജിയണല്‍ കണക്ടിവിറ്റി ഫണ്ട് ഏര്‍പ്പെടുത്താന്‍ നയം ശുപാര്‍ശ ചെയ്യുന്നു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍എന്‍ ചൗബേ ഇക്കാര്യം സ്ഥിരീകരിച്ചു. തീരുമാനം വരുന്ന ജനുവരി മുതല്‍ നടപ്പില്‍ വരുന്നതോടെ വിമാന നിരക്കുകള്‍ കുത്തനെ കൂടുമെന്നാണ് കരുതുന്നത്. നയത്തിന്റെ ഭാഗമായി എയര്‍ക്രാഫ്റ്റ് ആക്ടില്‍ വരുത്തുന്ന ഭേദഗതിയോടെ നിരക്കുകള്‍ കൂടും.

സെസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തെ സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ അടക്കമുള്ള സ്വകാര്യ വിമാന കമ്പനികള്‍ സ്വാഗതം ചെയ്തു. യാത്രാ നിരക്കുകള്‍ കൂടുമെന്ന് സമ്മതിച്ച സ്വകാര്യ വിമാനകമ്പനി പ്രതിനിധികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഫണ്ട് ഉപകരിക്കുമെന്ന് ന്യായീകരിക്കുന്നു. സെസ് ഏര്‍പ്പെടുത്തുന്നതോടെ യാത്രാ നിരക്കുകളില്‍ വലിയ മാറ്റം വരുമെന്ന് സ്‌പൈസ് ജെറ്റ് എംഡി അജയ് സിംഗ് പ്രതികരിച്ചു. ഇത് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്നും അജയ് സിംഗ് പറഞ്ഞു. തീരുമാനത്തെ ഇന്‍ഡിഗോ എയര്‍ പ്രസിഡന്റ് ആദിത്യ ഘോഷും തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News