മഹാരാഷ്ട്രയില്‍ എന്‍ഡിഎയില്‍ തമ്മിലടി രൂക്ഷം; പരസ്പരം വെല്ലുവിളിച്ചും ആക്ഷേപിച്ചും ബിജെപിയും ശിവസേനയും

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ഭരണത്തിന് തന്നെ അനിശ്ചിതാവസ്ഥ ഉയര്‍ത്തി എന്‍ഡിഎയില്‍ പോര് രൂക്ഷം. ഭരണപക്ഷത്തിലെ തമ്മിലടിയാണ് ബിജെപി ഭരണത്തിന് തന്നെ ഭീഷണിയാകുന്നത്. പരസ്പരം ആക്ഷേപിച്ചും വെല്ലുവിളിച്ചും ബിജെപി – ശിവസേന തര്‍ക്കം രൂക്ഷമാവുകയാണ്. ഏറെ നാളായി നിലനില്‍ക്കുന്ന തര്‍ക്കം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി.

എന്‍ഡിഎ ഘടകകക്ഷിയും ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനെ ഭരണത്തില്‍ താങ്ങി നിര്‍ത്തുന്ന പാര്‍ട്ടിയുമാണ് ശിവസേന. ശിവസേനയെ നാടക കമ്പനിയെന്നാണ് ബിജെപി മുഖ്യമന്ത്രി ഉപമിച്ചത്. സര്‍ക്കാരിനെ താഴെയിറക്കും എന്നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ തിരിച്ചടിച്ചത്. ശിവസേന കടുവയാണ്, മറ്റുള്ളവര്‍ ആട്ടിന്‍കുട്ടികള്‍ ആണെന്നും ഉദ്ധവ് ആക്ഷേപിച്ചു. സര്‍ക്കാരിന്റെ സമീപനം ഇതാണെങ്കില്‍ ഉടന്‍ താഴെ വീഴും. ശിവസേന മന്ത്രിമാരെ പിന്‍വലിക്കും എന്നും ഉദ്ധവ് ഭീഷണി മുഴക്കി.

നേരത്തെ മുംബൈയിലെ ഡോംബിവിലിയില്‍ നടന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ശിവസേനയെ ആക്ഷേപിച്ചു. നാടക കമ്പനിപോലെയാണ് ശിവസേന എന്നായിരുന്നു ബിജെപി മുഖ്യമന്ത്രിയുടെ ആക്ഷേപം. നേരത്തെ പൊതുവേദിയില്‍ ശിവസേന നേതാവും മന്ത്രിസഭാംഗവുമായ ഏക്‌നാഥ് ഷിന്‍ഡെ രാജി പ്രഖ്യാപിച്ചു. രാജിക്കത്ത് പാര്‍ട്ടി നേതാവായ ഉദ്ധവിന് കൈമാറുകയും ചെയ്തു. എന്നാല്‍ ഉദ്ധവ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയില്ല. ഇതിനെ ഉദ്യേശിച്ചാണ് ഫഡിനാവിസ് ആക്ഷേപിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനശ്രദ്ധ കൂട്ടാനുള്ള ശിവസേനയുടെ ശ്രമമാണിതെന്നും ഫഡ്‌നാവിസ് ആക്ഷേപിച്ചു. ഞായറാഴ്ച നടക്കുന്ന കല്യാണ്‍ ഡോംബിവിലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും പ്രത്യേകമായാണ് മത്സരിക്കുന്നത്. സുധീന്ദ്ര കുല്‍ക്കര്‍ണിക്കെതിരായ കരി ഓയില്‍ പ്രയോഗം, ഗുലാം അലിയുടെ ഗസല്‍ തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഇരുപക്ഷവും പ്രചരണ ആയുധമാക്കുന്നുണ്ട്.

288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിയ്ക്ക് 122 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകള്‍ വേണം എന്നതിനാല്‍ 63 അംഗങ്ങളുള്ള ശിവസേനയുടെ പിന്തുണയിലാണ് ബിജെപി ഭരിക്കുന്നത്. തര്‍ക്കം മൂത്ത് ശിവസേന പിന്തുണ പിന്‍വലിച്ചാല്‍ ബിജെപി ഭരണം താഴെ വീഴും. പകരം 41 അംഗങ്ങളുള്ള എന്‍സിപിയെ കൂടെക്കൂട്ടി ഭരണം തുടരാമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ എന്‍സിപിയില്‍ ഭിന്നത നിലവിലുണ്ട്. പകുതിയിലധികം എംഎല്‍എമാര്‍ എങ്കിലും അനുകൂലിച്ചില്ലെങ്കില്‍ എന്‍സിപിയ്ക്കും തീരുമാനമെടുക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here