സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരം; ചരിത്രനിയമവുമായി അയര്‍ലന്‍ഡ്; ആഘോഷവുമായി സ്വവര്‍ഗ്ഗാനുരാഗികള്‍

ഡബ്ലിന്‍: സ്വവര്‍ഗ്ഗ അനുരാഗികള്‍ക്ക് വിവാഹത്തിന് അനുമതി നല്‍കുന്ന ബില്‍ അയര്‍ലന്‍ഡ് അംഗീകരിച്ചു. സമാന ലിംഗപദവിയുള്ളവരുടെ വിവാഹം സംബന്ധിച്ച ബില്ലില്‍ പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ ഒപ്പുവെച്ചതോടെയാണ് സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമായത്. അയര്‍ലന്‍ഡ് പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന, കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ള ആദ്യ രാഷ്ട്രമാണ് അയര്‍ലന്‍ഡ്.

രണ്ട് പേര്‍ തമ്മില്‍ ലിംഗവ്യത്യാസമില്ലാതെ വിവാഹത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ ഹിതപരിശോധന നടത്തിയിരുന്നു. 62.1 ശതമാനം പേരാണ് സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിച്ചത്. ഐറിഷ് പാര്‍ലമെന്റ് അംഗീകരിച്ചതിന് ശേഷം പ്രസിഡന്‍ഷ്യല്‍ കമ്മീഷന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു ബില്‍. അവസാന കടമ്പയും കടന്ന് ബില്‍ നിയമമായതോടെ ആഘോഷത്തിലാണ് അയര്‍ലന്‍ഡിലെ സ്വവര്‍ഗ്ഗാനുരാഗികള്‍.

നവംബര്‍ മധ്യത്തോടെ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ നടന്നു തുടങ്ങുമെന്ന് നിയമമന്ത്രി ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് അറിയിച്ചു. സന്തോഷം നല്‍കുന്ന നിമിഷമാണിതെന്ന് ഐറിഷ് സെനറ്ററും സ്വവര്‍ഗ്ഗാനുരാഗിയുമായ കാതറിന്‍ സാപ്പോണ്‍ പറഞ്ഞു. കാനഡക്കാരിയോടൊപ്പം ജീവിതം പങ്കിടുന്ന കാതറിന്‍ സാപ്പോണ്‍ നിയമത്തിന് വേണ്ടി ഏറെ പ്രചരണം നടത്തിയിരുന്നു. ഐറിഷ് നിയമപ്രകാരം വീണ്ടും സ്വവര്‍ഗ്ഗ വിവാഹത്തിന് തയ്യാറെടുക്കുകയാണ് കാതറിന്‍ സാപ്പോണ്‍.

ഹിതപരിശോധനയില്‍ പങ്കെടുത്തവരെയും നിയമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്ര നേതാക്കളെയും സ്വവര്‍ഗ്ഗാനുരാഗികളുടെ അന്താരാഷ്ട്ര സംഘടനകള്‍ അഭിനന്ദിച്ചു. സമത്വത്തിനായുള്ള പോരാട്ടത്തില്‍ പിന്നിട്ട ഏറ്റവും സുപ്രധാനമായ നാഴികകല്ലാണ് ഐറിഷ് നിയമമെന്ന് വിവിധ എല്‍ജിബിടി അവകാശ സംഘടനകള്‍ പ്രതികരിച്ചു. രാജ്യമെങ്ങും സ്വവര്‍ഗ്ഗാനുരാഗികള്‍ ആഘോഷം തുടരുകയാണ്. സ്വവര്‍ഗ്ഗാനുരാഗിയായ എറിക് കെ ഫാനിംഗ് അമേരിക്കന്‍ വ്യോമസേനയുടെ സെക്രട്ടറി സ്ഥാനത്ത് കഴിഞ്ഞമാസമാണ് ചുമതലയേറ്റത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ സ്വവര്‍ഗ്ഗാനുരാഗിയാണ് എറിക് കെ ഫാനിംഗ്. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ന്യൂനപക്ഷപദവിയും വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണവും നല്‍കണമെന്ന് ഇന്ത്യന്‍ സുപ്രീംകോടതി കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News