തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചരണം ഇന്നവസാനിക്കും; കലാശക്കൊട്ടിനൊരുങ്ങി മുന്നണികള്‍

തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചരണ കോലാഹലങ്ങള്‍ക്ക് വിട. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് ഏഴ് ജില്ലകളിലെ പ്രചരണത്തിന്റെ സമാപനം. കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. ഇടതുപക്ഷ ജധാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും മിക്കയിടങ്ങളിലും മത്സര രംഗത്തുണ്ട്.

തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ക്രമീകരണം അനുസരിച്ച് തെക്ക് – വടക്കന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന 7 ജില്ലകളിലെ പരസ്യ പ്രചരണമാണ് അവസാനിക്കുന്നത്. തിരുവനന്തപുരം, കൊല്ലം എന്നിവയാണ് ആദ്യ ഘട്ടപരസ്യപ്രചരണം അവസാനിക്കുന്ന തെക്കന്‍ ജില്ലകള്‍. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നീ വടക്കന്‍ ജില്ലകളും ഇതില്‍ ഉള്‍പ്പെടും. മധ്യകേരളത്തില്‍ നിന്നുള്ള ഇടുക്കിയിലും ആദ്യഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.

ഏഴ് ജില്ലകളിലായി 4 കോര്‍പ്പറേഷനുകള്‍ ഉള്‍പ്പടെയുള്ളവയിലാണ് പരസ്യപ്രചരണം ഇന്ന് അവസാനിക്കുന്നത്. ഇത്രയും ജില്ലകളിലായി 31,161 സ്ഥാനാര്‍ത്ഥികളാണ് അന്തിമഘട്ട പ്രചരണത്തിലുളളത്. ഇവിടങ്ങളില്‍ നവംബര്‍ രണ്ടിനാണ് വോട്ടെടുപ്പ്. രണ്ടാംഘട്ടത്തിന്റെ പരസ്യ പ്രചരണം നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും.

പ്രചരണത്തില്‍ ഏറെ മുന്നിലാണ് ഇടതുമുന്നണി. ആദ്യഘട്ടത്തില്‍ യൂഡിഎഫും ഒപ്പത്തിനുണ്ടായിരുന്നു. എന്നാല്‍ ബാര്‍കോഴകേസിലെ കോടതി വിധി ഉള്‍പ്പടെയുള്ള വിഷയങ്ങല്‍ അന്തിമഘട്ടത്തില്‍ യുഡിഎഫിനെ തീര്‍ത്തും പ്രതിരോധത്തിലാക്കി. പ്രചരണത്തില്‍ ബെജെപിയും സജീവമാണ്. എന്നാല്‍ ബീഫ് നിരോധനം, ദാദ്രി കൊലപാതകംം ഉള്‍പ്പടെയുള്ള വിഷയങ്ങല്‍ ബിജെപിയെയും പ്രതിരോധത്തിലാക്കി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ എസ്എന്‍ഡിപി സഖ്യം എന്ന് ആവര്‍ത്തിച്ചിരുന്ന ബിജെപി ഇപ്പോള്‍ അക്കാര്യം മിണ്ടുന്നില്ല. സഖ്യം ഏറെക്കുറെ പരാജയപ്പെട്ടതുപോലെയാണ്. കൊട്ടിക്കലാശത്തോട് അനുബന്ധിച്ച സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയൊരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here