ദില്ലി: സർദാർജി ഫലിതങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സമുദായത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സർദാർജിമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിക്കുകാരെ മണ്ടൻമാരായി ചിത്രീകരിച്ച് ഫലിതങ്ങൾ വെബ്‌സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തുന്നത് നിരോധിക്കണമെന്ന ആവശ്യമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ വാദം കേൾക്കാമെന്ന് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഏകദേശം 5000ത്തോളം വെബ്‌സൈറ്റുകൾ സർദാർജിമാരെ അപകീർത്തികരമായി ചിത്രീകരിച്ചുകൊണ്ട് ഫലിതങ്ങൾ പുറത്തിറക്കുന്നുണ്ട്. ഈ ഫലിതങ്ങൾ ഒരു വിഭാഗം സമൂഹത്തെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന് ഹർജി സമർപ്പിച്ച ഹർവീന്ദർ ചൗധരി പറയുന്നു.
അതേസമയം, ഇത്തരം ഫലിതങ്ങൾ നേരമ്പോക്കായി എടുത്താൽ പോരേയെന്നായിരുന്നു ബെഞ്ച് ആദ്യം ചോദിച്ചത്. എന്നാൽ ഫലിതങ്ങൾ എന്ന പേരിൽ പുറത്തുവരുന്ന പലതും തങ്ങളെ അവഹേളിക്കുന്നതാണെന്നും വ്യക്തിപരമായി പോലും അധിക്ഷേപിക്കുന്നുണ്ടെന്നും ഹർജിക്കാർ വ്യക്തമാക്കി. തുടർന്നാണ് കേസിൽ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചത്. എന്തുകൊണ്ടാണ് സർദാർമാരെ മാത്രം വിഡ്ഢികളായും കഴിവില്ലാത്തവരായും ചിത്രീകരിക്കുന്നതെന്നും ഇവർ ചോദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here