ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചു; തീരുമാനം പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലെന്ന് ചെന്നിത്തല; പീപ്പിൾ ടിവി ഇംപാക്ട്

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് തുടരന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ച് എഡിജിപി അനന്ദകൃഷ്ണന്റെ മേൽനോട്ടത്തിൽ എസ്പി പികെ മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ബിജു രമേശ് പീപ്പിൾ ടിവിയിലൂടെയാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ശാശ്വതീകാനന്ദയുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശാശ്വതീകാനന്ദയുടെ കുടുംബാംഗങ്ങളും ശിവഗിരി മഠം അധികൃതരും രംഗത്തു വന്നിരുന്നു.

പീപ്പിൾ ടിവിയോട് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ: ‘ശാശ്വതീകാനന്ദയെ കൊന്നത് പ്രിയൻ എന്നയാളാണ്. പ്രിയൻ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല. പ്രിയൻ വാടക കൊലയാളിയാണെന്നാണ് കേട്ടത്. ഇപ്പോൾ വ്യാപാരിയാണ് പ്രിയൻ. കേസിൽ നിയമ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് അഭ്യർത്ഥിച്ച് പ്രിയൻ തന്നെ ഫോണിൽ വിളിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തിൽ തന്റെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് തന്റെ മൊഴിയെടുത്തില്ല. പ്രിയനെ കേസിൽ നിന്ന് രക്ഷപെടുത്താൻ സാമ്പത്തിക സഹായം നൽകിയത് വെള്ളാപ്പള്ളി നടേശനാണ്. ഡിവൈഎസ്പി ഷാജി പ്രതിയായ കൊലപാതകകേസിലെ കൂട്ടുപ്രതിയാണ് പ്രിയൻ. പ്രിയനാണ് കൊലപാതകം നടത്തിയതെന്ന് ഡിവൈഎസ്പി ഷാജി എന്നോട് പറഞ്ഞു.’

തുടർന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നു പ്രിയൻ പ്രതികരിച്ചു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ബിജുരമേശ് തെളിവുകൾ ഹാജരാക്കണമെന്നും പ്രിയൻ ആവശ്യപ്പെട്ടു. തുടരന്വേഷണം പ്രഖ്യാപിച്ചത് ഉചിതമായ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ പറഞ്ഞു. മരണം സംബന്ധിച്ച ദുരൂഹതകൾ നീങ്ങി സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

2002 ജൂലൈ ഒന്നിനാണ് ശാശ്വതീകാനന്ദയെ പെരിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടൈത്തിയത്. പോസ്റ്റ്‌മോർട്ടത്തിലും രാസപരിശോധനാ റിപ്പോർട്ടിലും മുങ്ങിമരണമാണെന്നു കണ്ടെത്തിയിരുന്നു.

നീന്തൽ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിച്ചുവെന്ന് ഹൈക്കോടതിയും ചോദിച്ചിരുന്നു. കേസിൽ എന്തുകൊണ്ട് പുനരന്വേഷണം സാധ്യമല്ലെന്നും ഇക്കാര്യം സംബന്ധിച്ച് രണ്ടാഴ്ച്ചക്കുള്ളിൽ സംസ്ഥാന സർക്കാർ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ തെളിവുണ്ടെങ്കിൽ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News