അവധിദിനത്തില്‍ ആലപ്പുഴയില്‍ പൊലിഞ്ഞത് നാല് വിദ്യാര്‍ത്ഥി ജീവനുകള്‍; അപകടം രണ്ടിടത്തായി

ആലപ്പുഴ: ജില്ലയില്‍ രണ്ടിടത്തായി നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തുറവൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളും മാരാരിക്കുളത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികളുമാണ് മരിച്ചത്.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു തുറവൂരിലെ അപകടം. തുറവൂര്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കുത്തിയതോട് സ്വദേശികളായ സഞ്ജയ്, സിബിന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കുളിക്കാനെത്തിയ മറ്റൊരു വിദ്യാര്‍ഥി അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടേയും മൃതദേഹം ലഭിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.

രണ്ട് ബൈക്കുകളിലായി കോട്ടയത്ത് നിന്ന് ആലപ്പുഴയില്‍ കടല്‍ കാണാന്‍ എത്തിയ നാല്‍വര്‍ സംഘത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികളാണ് മാരാരിക്കുളത്ത് ബീച്ചില്‍ മുങ്ങിമരിച്ചത്. കോട്ടയം മാന്നാനം സ്വദേശി കെവിന്‍ ബാബുവും സുഹൃത്ത് മയൂണ്‍ പി മാത്യുവുമാണ് മരിച്ചത്. വലിയ തിരയില്ലായിരുന്നുവെങ്കിലും ചുഴിയും ഒഴുക്കും കൂടുതലായിരുന്നു. കടലില്‍ ഇറങ്ങിയ ഉടനെ രണ്ടുപേരും ചുഴിയില്‍ അകപ്പെട്ടു.

കരയില്‍ നിന്ന കുട്ടികളുടെ നിലവിളി കേട്ട സ്വകാര്യറിസോര്‍ട്ടിലെ ലൈഫ്ഗാര്‍ഡുമാര്‍ ഓടിയെത്തി. മുങ്ങിത്താഴുകയായിരുന്ന കെവിനെ ഇവര്‍ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരയില്‍പ്പെട്ട് കാണാതായ മയൂണ്‍ പി മാത്യൂവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. ലൈഫ് ഗാര്‍ഡുമാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here