പരസ്യപ്രചരണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ കടയ്ക്കലില്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ്; ഏഴ് പേര്‍ക്ക് പരുക്ക്

കൊല്ലം: സമയം കഴിഞ്ഞും പരസ്യപ്രചരണം അവസാനിപ്പിക്കാത്ത യുഡിഎഫ് നടപടി ചോദ്യം ചെയ്ത എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ്. കൊല്ലം കടയ്ക്കല്‍ കുമ്മിളിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം. തലയ്ക്ക് ഉള്‍പ്പടെ ഗുരുതര പരുക്കേറ്റ ഏഴ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐഎം കടയ്ക്കല്‍ ഏരിയാ കമ്മിറ്റിയംഗവും സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ മധു, എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ പ്രദീപ് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ മധുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പരസ്യപ്രചരണ സമയം കഴിഞ്ഞതോടെ അഞ്ച് മണിക്ക് തന്നെ കുമ്മിളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരണം അവസാനിപ്പിച്ചു. എന്നാല്‍ അഞ്ചര മണി കഴിഞ്ഞിട്ടും പ്രചരണം അവസാനിപ്പിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തയ്യാറായില്ല. മുദ്രാവാക്യം വിളി തുടര്‍ന്നതോടെ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് മധു ഉള്‍പ്പടെയുള്ള നേതാക്കള്‍ കടയ്ക്കല്‍ സിഐയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രചരണം അവസാനിപ്പിക്കാന്‍ നിര്‍്ദദേശം ഉണ്ടായില്ല. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശമില്ലാതെ തന്നെ കടയ്ക്കല്‍ സ്റ്റേഷനിലെ ചില പൊലീസുകാര്‍ ലാത്തിച്ചാര്‍ജ്ജ് നടത്തി. മധു ഉള്‍പ്പടെയുള്ളവര്‍ക്ക് തലയ്ക്ക് സാരമായ പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കും.

അകാരണമായ പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പൊലീസും കോണ്‍ഗ്രസും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം കടയ്ക്കല്‍ ഏരിയാ സെക്രട്ടറി എം നസീര്‍ ആരോപിച്ചു. ഇതിന്റെ ഭാഗമായി യുഡിഎഫ് പ്രവര്‍ത്തകര്‍ മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. യുഡിഎഫ് ശ്രമത്തിന് പൊലീസും ഒത്താശ ചെയ്യുകയായിരുന്നുവെന്നും എല്‍ഡിഎഫ് ആരോപിച്ചു. എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഉള്ള പഞ്ചായത്താണ് കുമ്മിള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനാലില്‍ പന്ത്രണ്ട് വാര്‍ഡുകളും എല്‍ഡിഎഫ് പ്രതിനിധികളാണ് ജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News