ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച് ബാഹുബലിയുടെ രണ്ടാം പതിപ്പിനെ സംബന്ധിച്ച വാര്‍ത്തകളും അഭ്യൂഹങ്ങളും തീരുന്നില്ല. ബോളിവുഡിലെ എക്കാലത്തെയും സുന്ദരിയായ താരം മാധുരി ദീക്ഷിത് ബാഹുബലിയുടെ രണ്ടാം പതിപ്പില്‍ ഉണ്ടവും. മാധുരിയുടെ കഥാപാത്രം സംബന്ധിച്ച അഭ്യൂഹം തുടരുകയാണ്. അനുഷ്‌ക ഷെട്ടിയുടെ സഹോദരിയായി എത്തുമെന്നാണ് പ്രചരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും രീതിയില്‍ പ്രതികരിക്കാന്‍ സംവിധായകനായ എസ്എസ് രാജമൗലി തയ്യാറായിട്ടില്ല.
ബാഹുബലിയുടെ ഒന്നാം പതിപ്പ് ഇന്ത്യയിലും വിദേശത്തും തരംഗമായിരുന്നു. 120 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 600 കോടിയില്‍ അധികം രൂപയാണ് ഇതുവരെ വാരിയത്. വിദേശത്ത് റിലീസ് ചെയ്ത് ചിത്രങ്ങളില്‍ ഏറ്റവും അധികം പണം വാരിയ ചിത്രവും ബാഹുബലി തന്നെ. പ്രഭാസ് നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി, തമന്ന എന്നിവരാണ് വേഷമിട്ടത്.
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. പ്രഭാസ് കൈകാര്യം ചെയ്യുന്ന അമരീന്ദ്ര ബാഹുബലിയും അനുഷ്‌ക ഷെട്ടി അവതരിപ്പിക്കുന്ന മഹാറാണി ദേവസേനയുടെയും കഥയാണ് ബാഹുബലി – 2ന്റെ പ്രമേയം. ബാഹുബലിയെ കട്ടപ്പ കൊന്നതെന്തിന് എന്ന കാര്യത്തില്‍ രണ്ടാം പതിപ്പില്‍ വ്യക്തതയുണ്ടാവും എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അനുഷ്‌ക ഷെട്ടിയുടെ സഹോദരിയായാണ് വേഷമിടുന്നത് എന്നാണ് പുറത്തുവരുന്ന സൂചന. കുന്തല രാജവംശത്തിലെ രാജ്ഞിയായാണ് മാധുരിയുടെ വേഷം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here