റഷ്യൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകൾ കണ്ടെടുത്തു; 224 പേരും മരിച്ചതായി സ്ഥിരീകരണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

ഷാം എൽ ഷെയ്ഖ്: ഈജിപ്തിൽനിന്നു റഷ്യയിലേക്ക് പോകുമ്പോൾ തകർന്ന് വീണ റഷ്യൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകൾ കണ്ടെടുത്തു. ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഷെരീഫ് ഇസ്ലയിലാണ് ഇക്കാര്യം അറിയിച്ചത്. വിമാനം തകർന്നതായും വിമാനത്തിലുണ്ടായിരുന്ന 217 യാത്രക്കാരും ഏഴു ജീവനക്കാരും മരിച്ചതായും ഈജിപ്ത് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

വിമാനം രണ്ടായി പിളർന്ന് പോയെന്നും നൂറോളം പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ സമീപത്തെ ആശുപത്രികളിലെ മോർച്ചറിയിലേക്ക് മാറ്റിയെന്നും അവർ അറിയിച്ചു.

ഷാം എൽ ഷെയ്ഖ് വിമാനത്താവളത്തിൽ നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിലേക്കു പോയ വിമാനമാണ് തകർന്നത്. സിനായ്ക്കു സമീപത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സിനായ്ക്കു മുകളിൽവച്ച് വിമാനവുമായുള്ള ആശയവിനിമയബന്ധം നഷ്ടമായിരുന്നു. റഷ്യയിലെ ചെറു വിമാനക്കമ്പനിയായ കൊഗലിമാവ്യയുടെ എയർബസ് 321 വിമാനമാണ് ദുരന്തത്തിനിരയായത്. ആദ്യം വിമാനം തകർന്നെന്ന് ഈജിപ്ത് എയർ ട്രാഫിക് കൺട്രോൾ അറിയിച്ചെങ്കിലും വിമാനക്കമ്പനി നിഷേധിച്ചിരുന്നു. വിമാനം പറന്നുയർന്ന് 23 മിനുട്ടു പിന്നിട്ടശേഷമാണ് ആശയവിനിമയം വിഛേദിക്കപ്പെട്ടത്. 31000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനം അപ്രത്യക്ഷമായത്.

അതേസമയം, വിമാനം തകർന്നതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികൾ ഏറ്റെടുത്തു. സിനായിലെ ഐഎസിന്റെ ശക്തി കേന്ദ്രത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. എന്നാൽ ഐഎസിന്റെ വാദം റഷ്യ നിഷേധിച്ചു. സാങ്കേതിക പിഴവാണ് വിമാനം തകരാൻ കാരണമായതെന്ന് കെയ്‌റോയിലെ റഷ്യൻ എംബസി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News