ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകള്‍; ആദ്യഘട്ടം നാളെ; ഏഴു ജില്ലകളിലായി 31,161 സ്ഥാനാർഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നാളെ. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചതോടെ പാർട്ടികളെല്ലാം നിശബ്ദ പ്രചാരണത്തിലാണ്.

കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒരു ഇലക്‌ട്രോണിക് യന്ത്രവും ത്രിതല പഞ്ചായത്തുകളിൽ മൂന്നു വോട്ടിംഗ് യന്ത്രവുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏഴ് ജില്ലകളിലുമായി 31161 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഒരു കോടി 11 ലക്ഷത്തി 11006 സമ്മതിദായകരാണ് ആദ്യഘട്ട വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്.

ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് ആവേശകരമായ കൊട്ടിക്കലാശം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. ഇടത് വലത് മുന്നണികളും ബിജെപിയും അന്തിമ നിമിഷങ്ങല്‍ ആവേശകരമാക്കി. തെരഞ്ഞെടുപ്പ് നടക്കുന്ന 7 ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ഉറച്ച വിജയപ്രതീക്ഷ നിലനിര്‍ത്തിയാണ് പരസ്യ പ്രചരണത്തിന് അന്ത്യം കുറിച്ചത്.

പരസ്യ പ്രചരണത്തിന്റെ അവസാനദിനത്തില്‍ റോഡ്‌ഷോയും അനൗണ്‍സ്‌മെന്റും കാതടപ്പിക്കുന്ന പടക്കങ്ങളും മുദ്രാവാക്യം വിളികളുമായാണ് രംഗം കൊഴുപ്പിച്ചത്. ചെങ്കൊടികളും മൂവര്‍ണ്ണക്കൊടികളും ഉള്‍പ്പടെ ഉയരത്തില്‍പാറിയ നിമിഷങ്ങളായിരുന്നു. തലസ്ഥാനത്ത് ഉള്‍പ്പടെ ഇന്നലെ കനത്ത മഴയായിരുന്നു. എന്നാല്‍ മഴമാറിനിന്നത് അണികളില്‍ ആവേശം വര്‍ദ്ധിപ്പിച്ചു. സ്ഥാനാര്‍ത്ഥികളും മുന്നണികളും പ്രമുഖ കേന്ദ്രങ്ങളില്‍ സംഗമിച്ചു.

തിരുവനന്തപുരത്ത് പേരൂര്‍ക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാന കൊട്ടിക്കലാശം. കൊല്ലത്ത് നഗരത്തിലും കിഴക്കന്‍ മേഖലയിലും കൊട്ടിക്കലാശം അരങ്ങുതകര്‍ത്തു. കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന കണ്ണൂരില്‍ ഏറെ ആഘോഷഭരിതമായിരുന്നു കൊട്ടിക്കലാശം. കാസര്‍കോഡ്, വയനാട്, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിലും മുന്നണികള്‍ അന്തിമ നിമിഷത്തിലെ ആവേശം ഒട്ടും കുറച്ചില്ല. മധ്യകേരളത്തില്‍ ആദ്യഘട്ടതെരഞ്ഞെടുപ്പ് നടക്കുന്ന ഇടുക്കിയില്‍ മലയോര മേഖലയൊന്നാകെ കൊട്ടിക്കലാശത്തിന് അണിനിരന്നു.

ഏഴ് ജില്ലകളിലായി 4 കോര്‍പ്പറേഷനുകള്‍ ഉള്‍പ്പടെയുള്ളവയിലാണ് പരസ്യപ്രചരണം അവസാനിച്ചത്. ഇത്രയും ജില്ലകളിലായി 31,161 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. നവംബര്‍ രണ്ടിനാണ് വോട്ടെടുപ്പ്. വെകിട്ട് അഞ്ച് മണിമുതല്‍ വോട്ടെടുപ്പ് വരെ നിശബ്ദപ്രചരണത്തിന്റേതാണ്. വീടുകള്‍ കയറിയും പരമാവധി ആളുകളെ നേരിട്ട് കണ്ടും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകള്‍ നിശ്ചയിക്കുന്നതും നിശബ്ദപ്രചരണത്തിന്റെ ഈ മണിക്കൂറുകളാണ്.

പരസ്യ പ്രചരണത്തില്‍ ഏറെ മുന്നിലായിരുന്നു ഇടതുമുന്നണി. ആദ്യഘട്ടത്തില്‍ യൂഡിഎഫും ഒപ്പത്തിനുണ്ടായിരുന്നു. എന്നാല്‍ ബാര്‍കോഴകേസിലെ കോടതി വിധി ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ അന്തിമഘട്ടത്തില്‍ യുഡിഎഫിനെ തീര്‍ത്തും പ്രതിരോധത്തിലാക്കി. പ്രചരണത്തില്‍ ബെജെപിയും സജീവമായിരുന്നു. എന്നാല്‍ ബീഫ് നിരോധനം, ദാദ്രി കൊലപാതകം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍, സംഘപരിവാര്‍ നേതാക്കളുടെ വര്‍ഗീയ പ്രസ്താവനകള്‍ ബിജെപിയെയും പ്രതിരോധത്തിലാക്കി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ എസ്എന്‍ഡിപിയുമായുള്ള സഖ്യം പ്രചരിപ്പിച്ചിരുന്ന ബിജെപി അക്കാര്യം മിണ്ടുന്നില്ല. സഖ്യം ഏറെക്കുറെ പരാജയപ്പെട്ടതുപോലെയാണ്. കൊട്ടിക്കലാശത്തോട് അനുബന്ധിച്ച സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News