വെയ്റ്റിംഗ് ലിസ്റ്റ് യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കുന്ന പദ്ധതി ഇന്ന് മുതൽ; ആദ്യ ഘട്ടം ദില്ലി- ലഖ്‌നൗ, ദില്ലി-ജമ്മു റൂട്ടുകളിൽ

ദില്ലി: വെയ്റ്റിംഗ് ലിസ്റ്റിലെ ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കുന്ന വികൽപ് പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒരു തീവണ്ടിയിൽ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള യാത്രക്കാർക്ക്, അതേ സ്ഥലത്തേക്കുള്ള മറ്റൊരു ട്രെയിനിൽ ബർത്ത് ഉറപ്പാക്കുകയാണ് വികൽപ് സംവിധാനം ചെയ്യുക. ഓൺലൈൻ ബുക്കിംഗ് നടത്തുന്നവർക്ക് മാത്രമാണ് ഈ സേവനം ഉപയോഗിക്കാൻ കഴിയുക.

ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ദില്ലി- ലഖ്‌നൗ, ദില്ലി-ജമ്മു മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ആറ് മാസം ഇന്റർനെറ്റ് ബുക്കിംഗിലൂടെ മാത്രമാണ് സേവനം ലഭ്യമാകുക. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ബർത്ത് സംബന്ധിച്ച വിവരങ്ങൾ എസ്എംഎസ് വഴി ലഭ്യമാക്കും. പകരം ട്രെയിനിൽ ബർത്ത് ലഭിക്കുന്ന യാത്രക്കാരുടെ പേരു വിവരങ്ങൾ യഥാർത്ഥ ട്രെയിനിലെ വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് നീക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

ടിക്കറ്റ് റിസർവേഷൻ ചെയ്യുന്ന സമയത്ത് തന്നെ യാത്രക്കാരോട് വികൽപ് സൗകര്യം ആവശ്യമാണോ എന്ന് ചോദിക്കും. ഓൾടർനേറ്റ് ട്രെയിൻസ് അക്കമെഡേഷൻ സ്‌കീം എന്നു പേരിട്ടിക്കുന്ന പദ്ധതിയിലൂടെ ട്രെയിൻ യാത്രക്കാരുടെ യാത്രാ ക്ലേശം ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിലാണ് റെയിൽവേ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News