പെണ്ണിന്റെ നാവടപ്പിക്കുന്ന ഫേസ്ബുക്ക് സദാചാരപൊലീസിംഗ് ഞരമ്പുരോഗത്തിന് കുടപിടിക്കല്‍; പുരോഗമിക്കുന്ന ലോകം വെറും പൊളിവചനമാകുന്നതിങ്ങനെ

വമാധ്യമമെന്ന നിലയില്‍ ഇന്ന് ഓരോദിവസവും സ്വീകാര്യതയും പങ്കാളിത്തവും വര്‍ധിച്ചുവരികയാണ് ഫേസ്ബുക്കില്‍. നിരവധി പേര്‍ വലിയൊരു പങ്കു സമയം ചെലവഴിക്കുന്ന ഇടമായി മാറിക്കഴിഞ്ഞു. എഴുത്തുകാര്‍, ന്യൂജെനറേഷന്‍ മോഡലുകള്‍, സെല്‍ഫി പ്രിയര്‍, ആക്ടിവിസ്റ്റകള്‍, വിപ്ലവകാരികള്‍ തുടങ്ങി ഞരമ്പുരോഗികള്‍ വരെ അവരുടെ ആശയപ്രകാശനത്തിന്റെ വിശാല കാന്‍വാസാക്കി ഈ ഇടത്തെ മാറ്റിയിട്ടുണ്ട്. ലോകമാകെ പടര്‍ന്നു പന്തലിച്ച, ഒരൊറ്റക്ലിക്കില്‍ തുറന്നുവരുന്ന ഈ ലോകവും മറ്റേതിടവും എന്നതു പോലെ ആണധികാരത്തിന്റെ പിടിയിലാണെന്നതാണ് മറ്റൊരു വശം. ഇവിടെയും സ്ത്രീ എന്തുചെയ്യണം എന്തെഴുതണം എങ്ങനെ വസ്ത്രം ധരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് കപടസദാചാരവാദികളായ ഒരു കൂട്ടം പേര്‍. പുരുഷാധികാരം എവിടെയും നടപ്പാക്കുന്ന ചില പിന്തിരിപ്പന്മാരും അവര്‍ക്കു കൂട്ടു നില്‍ക്കുന്ന ചില സ്ത്രീകളും. ഇങ്ങനെയുള്ള സദാചാരപ്പോലീസിംഗിന് ഒരു പരിധിവരെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് എന്ന പേരില്‍ പരിപൂര്‍ണ പിന്തുണയാണ് ഫേസ്ബുക്കിന് ചുക്കാന്‍ പിടിക്കുന്ന സുക്കര്‍ബര്‍ഗ് ബ്രിഗേഡ് നല്‍കുന്നത്.

lead-1

നാടാകെ സ്ത്രീകള്‍ക്കെതിരേ ഫാസിസ്റ്റ് നടപടികള്‍ നടക്കുന്നതില്‍നിന്നു വ്യത്യസ്തമല്ല ഫേസ്ബുക്കിലെ സാഹചര്യവും. ന്യൂസ് പോര്‍ട്ടലുകളിലായാലും സ്വന്തം വാളിലായാലും സ്ത്രീക്കു കിട്ടുന്നത് ഉപദേശങ്ങളും കേട്ടാലയ്ക്കുന്ന അശ്ലീലവും പുലഭ്യവും അങ്ങനെ പലതുമാണ്. പ്രതികരിക്കുന്ന സ്ത്രീ അല്ലെങ്കില്‍ പൊതുമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അല്‍പം ആധുനികമായി വസ്ത്രം ധരിക്കുന്നവര്‍ എന്നിവര്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇതൊന്നും കൂടാതെ പല പകല്‍ മാന്യന്‍മാരും ഇന്‍ബോക്‌സില്‍ വന്നു തേനൊലിപ്പിക്കുന്നതും പതിവാണ്. ഇതിനൊക്കെ എതിരെ സ്ത്രീ പറയുന്ന പരാതികള്‍ പരിഹരിക്കുവാന്‍ നിയമത്തിനോ കോടതിക്കോ പോലീസിനോ എന്തിന് ഫേസ്ബുക്കിനു പോലും കഴിയില്ല. കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് എന്ന ഒന്നാംതരം ഇരട്ടത്താപ്പുമായി സ്ത്രീകളെയും പ്രതികരിക്കുന്നവരെയും ഒതുക്കുവാന്‍ ഇറങ്ങിയിരിക്കുന്ന ഫെയ്‌സ്ബുക്കിനു പോലും കഴിയാറില്ല. ഇവിടെയാണ് ഫേസ്ബുക്കിന്റെയും സുക്കര്‍ബര്‍ഗിന്റെയും ഇരട്ടത്താപ്പും സ്ത്രീകളോടുള്ള അവഗണനയും സദാചാരഗുണ്ടായിസവും വ്യക്തമാകുന്നത്.

ഇതു വായിക്കുന്ന ചില ബുദ്ധിജീവികള്‍ പറഞ്ഞേക്കാം ഫേസ്ബുക്ക് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നത് ചില അല്‍ഗൊരിതമിക് ഡാറ്റാബേസില്‍ ആണെന്ന്. അങ്ങനെയെങ്കില്‍ ഒരു ചോദ്യം, ഫേസ്ബുക്കില്‍ സ്ത്രീകളെ ശല്ല്യം ചെയ്യുന്ന, ഇന്‍ബോക്‌സില്‍ വന്നു വെല്ലുവിളിക്കുന്ന, പൂര്‍ണ്ണനഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന, കേട്ടാലറക്കുന്ന രതിവൈകൃതങ്ങള്‍ നിറഞ്ഞ അക്കൗണ്ടുകളും പേജുകളും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ക്കെതിരായിട്ടും എന്തുകൊണ്ട് യാതൊന്നും സംഭവിക്കാതെ മുന്നോട്ടു പോകുന്നു?

ഈയിടെ നവമാധ്യമങ്ങളില്‍ തരംഗമായ നടി കസ്തുരി, സ്ത്രീകളെ ബോധവല്‍കരിക്കാന്‍ ചെയ്ത മെഡിക്കല്‍ ഫോട്ടോഷൂട്ടിനെ ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യത്തെ ജനങ്ങളും മാതൃത്വത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും കലയുടെയും യുക്തിയും അര്‍ത്ഥവും ഉള്‍ക്കൊണ്ടുകൊണ്ടും അഭിനന്ദനങ്ങളോടെയാണ് എതിരേറ്റത്. ഇന്ത്യയില്‍ പുരോഗമനപരമായും യുക്തിപരമായും ചിന്തിക്കുന്നവര്‍ കസ്തൂരിയുടെ ചിത്രത്തെ യഥാര്‍ഥ അര്‍ഥത്തില്‍ സ്വീകരിച്ചപ്പോള്‍ ഭൂരിപക്ഷത്തിന്റെ കണ്ണുകള്‍ തറഞ്ഞത് കസ്തൂരിയുടെ മാതൃത്വത്തിലല്ല മറിച്ചു മാറിടനഗ്‌നതയിലാണ്. കാമക്കണ്ണുകളോടെയായിരുന്നു അവരുടെ കാഴ്ച. വൈകല്യം ബാധിച്ച മനസുകളോടെയാണ് മാതൃരാജ്യത്തു കസ്തൂരിയെ സിംഹഭാഗം പേരും വരവേറ്റത്.

ഈ ചിത്രങ്ങളെക്കുറിച്ചു ഫെയ്‌സ്ബുക്കിലും വാര്‍ത്താമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട അഭിപ്രായങ്ങളിലും തലക്കെട്ടുകളിലും അതു പടച്ചുവിട്ടവരുടെ ഉള്ളിലെ രതിവൈകൃതം വ്യക്തമായിരുന്നു. സംസ്‌കാരസമ്പന്നരും പ്രബുദ്ധരെന്നും സ്വയം അവകാശപ്പെടുകയും അഹന്തപ്പെടുകയും ചെയ്യുന്ന മലയാളി ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ വാക്കുകള്‍ തികച്ചും അശ്ലീലവും വൈകൃതം നിറഞ്ഞതുമായിരുന്നു. സ്ത്രീയെ ബഹുമാനിക്കുന്നു ദേവിയായി കാണുന്നു എന്നു പൊളിവചനം പറയുന്ന ഇന്ത്യയൊട്ടാകെ അകത്തും പുറത്തും നേരിട്ടും അല്ലാതെയും വാക്കാലും നോക്കാലും സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു, പിച്ചിച്ചീന്തപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു. അവളെ സംരക്ഷിക്കാന്‍ നിയമവുമില്ല കോടതിയുമില്ല. പൊലീസുമില്ല  ഫേസ്ബുക്ക് കൊട്ടിഘോഷിക്കുന്ന കമ്മ്യുണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സും ഇല്ല.

lead-2

കസ്തൂരിയുടെ ഫോട്ടോ ഇട്ടവരുടെയെല്ലാം അക്കൗണ്ടുകളും ഫോട്ടോയും നഗ്നത പ്രചരിപ്പിക്കുന്നു എന്നു പറഞ്ഞു സദാചാരസംരക്ഷകരെന്നു സ്വയം അവകാശപ്പെടുന്ന പകല്‍മാന്യന്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുന്നും പിന്നും നോക്കാതെ ഫെയ്‌സ്ബുക്ക് ടീം അവയെല്ലാം നീക്കം ചെയ്യുകയും പൂട്ടിക്കുകയും ചെയ്തു. ഇതില്‍നിന്നു മനസിലാ്കാന്‍ കഴിയുന്നത് ഫേസ്ബുക്ക് പോലും നടത്തുന്നതു സ്ത്രീവിരുദ്ധതയും സദാചാരഗുണ്ടായിസവുംതന്നെ. ഒരു അക്കൗണ്ട് ഐഡന്റിറ്റിയുടെ പേരില്‍ ഏതൊരു വിദഗ്ധനും സംഘം ചേര്‍ന്നു പൂട്ടിക്കാമെന്ന നാണംകെട്ട അവസ്ഥയാണ് ഫേസ്ബുക്കില്‍ ഇപ്പോഴുള്ളത്. അങ്ങനെ അക്കൗണ്ട് നഷ്ടപ്പെടുന്നവരുടെ സ്വകാര്യരേഖകള്‍ ആവശ്യപ്പെടുക എന്ന നാലാംകിട നിയമവും ഈ നവമാധ്യമത്തിനുണ്ട്.

ഈ കരിനിയമം ഭൂരിഭാഗവും സ്ത്രീകളോടാണ് എന്നിടത്താണ് ഫേസ്ബുക്ക് ടീമിന്റെ സദാചാരഗുണ്ടായിസവും ഇരട്ടത്താപ്പും വ്യക്തമാകുന്നത്. ലക്ഷോപലക്ഷം ഫെയ്ക്ക്, ഫ്രോഡ് ഐഡികളും അശ്ലീല ഗ്രൂപ്പുകളും പേജുകളും ചിത്രങ്ങളും സംരക്ഷിച്ചുകൊണ്ടാണ് ഫേസ്ബുക്ക് ടീം ഈ ഇരട്ടത്താപ്പും ഗുണ്ടായിസവും കാണിക്കുന്നത്. ഇതിനൊരു അവസാനം ഉണ്ടായേ തീരൂ. സ്ത്രീയെയും പ്രതികരിക്കുന്നവരെയും അകത്തും പുറത്തും തളച്ചിടാനും ഊതിക്കെടുത്താനുമുള്ള ശരാശരി മലയാളിയുടെ ഇരട്ടത്താപ്പ് നവമാധ്യമലോകമായ ഫെയ്‌സ്ബുക്ക് കൂടി ഏറ്റെടുക്കുന്നതില്‍ പരം പ്രതിലോമകരമായ മറ്റെന്തുണ്ട് ഈ കുതിക്കുന്ന ലോകത്ത്.

ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ ലേഖകരുടേത് മാത്രമാണ്. കൈരളി ന്യൂസ് ഓണ്‍ലൈന്‍ പത്രാധിപസമിതിയുടേതല്ല. കമന്റുകളിലൂടെ പ്രതികരിക്കുന്നവര്‍ അസഭ്യമായോ അശ്ലീലച്ചുവയോടെയോ മതനിന്ദയുളവാക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ നിയമപ്രകാരം കുറ്റകരമായിരിക്കും.
– എഡിറ്റര്‍
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News